Thettukal Thiruthumbol – തെറ്റുകൾ തിരുത്തുമ്പോൾ

വൃദ്ധ സദനങ്ങളിൽ താമസിക്കുന്ന ഓരോ മാതാപിതാക്കളും തങ്ങളുടെ മക്കളുടെ വരവിനായി കാത്തിരിക്കുകയാണ്.

തെറ്റുകൾ തിരുത്തുമ്പോൾ

“മോളേ ഇന്ന് നിൻറെ ബർത്ത് ഡേ അല്ലേ ,സ്കൂളിൽ കൊണ്ടുപോകാനുള്ള സ്വീറ്റ്സ് മറക്കാതെ എടുത്തുകൊണ്ടു പോണേ.”അമ്മ അടുക്കളയിൽ നിന്ന് വിളിച്ചു പറഞ്ഞു.

“ശരി അമ്മേ”  യൂണിഫോം ധരിക്കുന്നതിനിടയിൽ അവൾ മറുപടി പറഞ്ഞു. അപ്പോഴേക്കും അച്ഛനും ഓഫീസിൽ പോകാൻ റെഡിയായി വന്നു. ബ്രേക്ഫാസ്റ്റ് കഴിക്കുമ്പോൾ മധുരം കഴിക്കാൻ വേണ്ടി ഒരു ലഡ്ഡു കൂടെ അമ്മ വിളമ്പിത്തന്നു .

“പിറന്നാൾ ആയിട്ട് ഒരു അല്പം മധുരം കഴിക്കേണ്ടേ ” എന്നു പറഞ്ഞു സ്നേഹപൂർവ്വം അമ്മ തലയിൽ തലോടി.

“പിന്നെ ഇന്ന് സ്കൂളിൽ നിന്നും ഒരു സ്ഥലത്ത് വിസിറ്റിങ്ങിന് പോകുന്നുണ്ട് .വൈകീട്ട് ചിലപ്പോൾ വരാൻ താമസിക്കും”അവൾ കൂട്ടിച്ചേർത്തു.

കുഞ്ഞിലെയായിരുന്നപ്പോൾ എല്ലാ പിറന്നാളിനും  അച്ഛമ്മ രാവിലെതന്നെ ഉണർത്തി കുളിപ്പിച്ചു പുതിയ ഉടുപ്പൊക്കെ ഇടീച്ച് വിളക്ക് കത്തിച്ചു പ്രാർത്ഥിപ്പിക്കുമായിരുന്നു . അതുകഴിഞ്ഞേ വെള്ളമെങ്കിലും തരാറുണ്ടായിരുന്നുള്ളൂ.

“ആദ്യം ഈശ്വരസ്മരണ ബാക്കിയെല്ലാം പിന്നീട്” ഇതാണ് അച്ഛമ്മയുടെ ചിട്ട. രാത്രിയിൽ കിടക്കുമ്പോൾ ഒത്തിരി പുരാണകഥകൾ അച്ഛമ്മ പറഞ്ഞു തരുമായിരുന്നു. പിന്നെ പഴയ സിനിമ ഗാനങ്ങളും നാടകഗാനങ്ങളും പാടി പാടി ഉറക്കുമായിരുന്നു . എന്നും അച്ഛമ്മയെ കെട്ടിപ്പിടിച്ച് കിടക്കുന്നത് ഇന്നും ഓർമ്മയിലുണ്ട് .പക്ഷേ ഇപ്പോൾ നീണ്ട എട്ടു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു അച്ഛമ്മയെ ഒരു നോക്ക് കണ്ടിട്ട്‌ . ഇന്ന് അച്ചമ്മ ഉണ്ടായിരുന്നെങ്കിൽ മുടിയൊക്കെ ചീകി കെട്ടി വച്ച് നെറ്റിയിൽ കുറി ഒക്കെ തൊട്ടുതന്നേനെ . അച്ഛനും അമ്മയ്ക്കും അതിനൊന്നും  നേരമില്ലല്ലോ.

അച്ഛൻ കാർ സ്റ്റാർട്ട് ആക്കി റെഡിയായി . അവളും അമ്മയും ഓടിച്ചെന്ന് കാറിൽ കയറി . കാറിലിരിക്കുമ്പോൾ ഓർമകൾ പിന്നോട്ട് പായുകയായിരുന്നു

അച്ഛമ്മ ഉള്ളതുകൊണ്ട് ടൂർ പോകാനോ സിനിമയ്ക്ക് പോകാനോ ഒന്നും കഴിയുന്നില്ല എന്ന് പലപ്പോഴും അമ്മ അച്ഛനോട് പരാതി പറയുന്നത് താൻ കേട്ടിട്ടുണ്ട് . അച്ഛമ്മ കൂടെയുള്ളത് എന്നും അവർക്കൊരു ഭാരമായിരുന്നു . അച്ഛമ്മയ്ക്ക് എന്തൊക്കെയോ വയ്യായ്കകൾ ഉണ്ടായിരുന്നു .അതൊക്കെ ആ ബുദ്ധിമുട്ടുകളുടെ ആഴം കൂട്ടി കൊണ്ടിരുന്നു.

ഒരിക്കൽ താൻ നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയം ഒരു ദിവസം സ്കൂളിൽ നിന്നും വന്നപ്പോൾ അച്ഛമ്മയെ കണ്ടില്ല. വന്ന പാടെ അച്ഛമ്മയെ തിരക്കി നടന്നു. ആദ്യം അച്ഛമ്മയുടെ മുറിയിൽ പോയി നോക്കി .അച്ഛമ്മയുടെ സാധനങ്ങളും അവിടെയൊന്നും കാണുന്നില്ല .അച്ഛനോട് പോയി തിരക്കി

അച്ഛമ്മയ്ക്ക് നല്ല സുഖമില്ലാത്തതിനാൽ അമ്മായി വന്നപ്പോൾ കൊണ്ടുപോയി എന്നാണ് അച്ഛൻ പറഞ്ഞത്

അമ്മായി ഗൾഫിലാണ്  ഇപ്പോൾ നാട്ടിൽ വന്നിട്ടുണ്ടാവും അവൾ വിചാരിച്ചു . എന്നാലും തന്നോട് ഒരക്ഷരം പറയാതെയല്ലേ അച്ഛമ്മ പോയത് . താൻ സ്കുളിൽ നിന്ന് വന്നിട്ടെങ്കിലും പോയാൽ പോരായിരുന്നോ . ഇങ്ങനെ നൂറു ചിന്തകൾ മനസ്സിൽ വന്നു. പക്ഷേ ഇതൊന്നും ആരോടും ചോദിക്കാൻ ധൈര്യം കിട്ടിയില്ല കാരണം താൻ അച്ഛമ്മയോട് കൂട്ടുകൂടുന്നതൊന്നും അമ്മയ്ക്ക് ഇഷ്ടമല്ല. അച്ഛമ്മ  സിനിമാ കഥകൾ പറഞ്ഞും പാട്ടു പാടിയും ഒക്കെ  പഠിക്കാനുള്ള  തൻറെ സമയം  ഇല്ലാതാക്കുന്നു എന്നാണ്  അമ്മയുടെ പരാതി.

“എന്താ പിറന്നാളായിട്ട് ഒരു  മൗനം” കാറോടിച്ചു കൊണ്ടിരിക്കവേ അച്ഛൻ ചോദിച്ചു. കാർ ഓടുമ്പോൾ  പിന്നിലേക്ക് ഓടി മറയുന്ന കെട്ടിടങ്ങളെയും മരങ്ങളെയും ഒക്കെ നോക്കിക്കൊണ്ട് അച്ഛമ്മയെ കുറിച്ച് ചിന്തിച്ചു കൊണ്ടിരുന്ന അവൾ അച്ഛൻറെ ചോദ്യം കേട്ടു ചിന്തയിൽ നിന്നുണർന്നു.

”ഒന്നുമില്ല അച്ഛാ” അവൾ സാധാരണ പോലെ മറുപടി പറഞ്ഞു.

“ഇന്ന്  സ്കൂളിൽ നിന്ന് നിങ്ങളെ എവിടെയോ കൊണ്ടുപോകും എന്ന് പറഞ്ഞില്ലേ അത് എവിടെയാ” അച്ഛൻ ചോദിച്ചു.

“ആ അറിയില്ല ഒക്കെ ഒരു സർപ്രൈസ് ആണെന്നാ മിസ്സ് പറഞ്ഞിരിക്കുന്നത്”.

സ്കൂളിലെത്തി. കാറിൽ നിന്നും ഇറങ്ങുമ്പോൾ  സ്വീറ്റ്സ് എടുക്കുന്ന കാര്യം അമ്മ ഓർമ്മിപ്പിച്ചു. അതും കയ്യിലെടുത്ത് അച്ഛനുമമ്മയ്ക്കും റ്റാറ്റാ പറഞ്ഞു അവൾ സ്കൂൾ ഗേറ്റിന് ഉള്ളിലേക്കു കയറിപ്പോയി.

അസംബ്ലിയിൽ പിറന്നാളുകാർക്കെല്ലാം “ഹാപ്പി ബെർത്ത്ഡേ”  പാടി ആശംസകൾ നേർന്നു. ക്ലാസിലെത്തിയപ്പോൾ സ്വീറ്റ്സ് എല്ലാവർക്കും കൊടുത്തു കൊള്ളാൻ ക്ലാസ് ടീച്ചർ പറഞ്ഞു .എന്നിട്ട് എല്ലാവരും പോയി സ്കൂൾ ബസ്സിൽ കയറുവാൻ  മിസ്സ് ആവശ്യപ്പെട്ടു.  എല്ലാവരും നല്ല ഉത്സാഹത്തിമിർപ്പിലായിരുന്നു .സ്കൂളിലെ പഠിപ്പിനിടയിൽ  വീണുകിട്ടിയ ഒരു സുവർണാവസരം. എല്ലാവർക്കും  പാടാനും ആടാനും ഉള്ള അവസരം ടീച്ചർ നൽകി. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ  വണ്ടി ഒരു കെട്ടിടത്തിന് മുന്നിലെത്തി. അതൊരു വൃദ്ധസദനം ആയിരുന്നു. അവിടുത്തെ അന്തേവാസികൾക്ക് കൊണ്ടുവന്ന സ്വീറ്റ്സ് കൊടുക്കാൻ മിസ്സ് പറഞ്ഞു : ഇന്നു വൈകുന്നേരം വരെ നമ്മൾ ചിലവഴിക്കാൻ പോകുന്നത് ഇവിടെയാണ്. നിങ്ങളെല്ലാം ഇവിടുത്തെ അന്തേവാസികളോട് സംസാരിച്ച് അവർക്ക് പറയാനുള്ളതെല്ലാം കേൾക്കണം.

കുട്ടികളെ കണ്ടപ്പോൾ  അവിടുത്തെ അന്തേവാസികളും  സന്തോഷഭരിതരായി .  ഓരോരുത്തരുടെയും അടുത്തുചെന്നു കുശലാന്വേഷണങ്ങൾ നടത്തി. ചിലർ  ആരുമില്ലാത്തവർ.  ചിലരുടെ മക്കൾ വിദേശത്തായതിനാൽ നോക്കാൻ  വേണ്ടി  ഇവിടെ ആക്കിയിരിക്കുന്നവർ,  ചിലർ മക്കളാൽ ഉപേക്ഷിക്കപ്പെട്ടവർ  അങ്ങനെ ഓരോരുത്തരുടെയും അടുത്തുപോയി വിശേഷങ്ങൾ തിരക്കുമ്പോൾ അച്ഛമ്മയെ ഓർമ്മവന്നു .  അച്ഛമ്മ എന്തായാലും ഭാഗ്യവതിയാ ഒന്നുമില്ലെങ്കിലും അമ്മായിയുടെ കൂടെ അല്ലേ.

ഓരോരുത്തരും കുട്ടികൾക്ക് മുന്നിൽ  അവരവരുടെ സങ്കടത്തിന്റെ ഭാണ്ഡങ്ങൾ  അഴിച്ചുവച്ചു . കയ്യിൽ കരുതിയ നോട്ട്ബുക്കിൽ അതെല്ലാം അവൾ കുറിച്ചുവച്ചു .കാരണം അടുത്ത ദിവസം സ്കൂളിൽ ഇതിൻറെ ഒരു സമ്മറി അവതരിപ്പിക്കേണ്ടതുണ്ട് .  ഓരോ മുറിയിലും കയറി ഇറങ്ങി.  അവർക്കൊപ്പം  ഹാളിലിരുന്നു ഉച്ചയ്ക്ക് ആഹാരം കഴിച്ചു . ഉച്ചകഴിഞ്ഞ് വീണ്ടും ഓരോ മുറികളിലായി കയറിയിറങ്ങി.  ഒരു മുറിയിൽ കയറിയപ്പോൾ കുഞ്ഞു പൂക്കളുള്ള വെളുത്ത സാരിയുടുത്ത ഒരു വയസ്സായ സ്ത്രീ  ഉച്ചയൂണ് കഴിഞ്ഞു മയക്കത്തിലായിരുന്നു.   ശല്യം ചെയ്യേണ്ട എന്ന് വിചാരിച്ചു അടുത്തുള്ള മുറികളിലേക്ക് പോയി . എല്ലാവരെയും കണ്ടു തിരികെ വരുമ്പോൾ  ആ റൂമിലെ മുത്തശ്ശി ഉണർന്നിരുന്നു അവൾ റൂമിലേക്ക് കയറി വയസ്സായി ചുക്കിച്ചുളിഞ്ഞ തൊലി കുഴിഞ്ഞ കണ്ണുകൾ വിറയാർന്ന കൈകൾ മുത്തശ്ശി എണീറ്റു ഇരുന്നു.

“ആരാ”  വിറയാർന്ന ശബ്ദം

ഞങ്ങൾ ദൂരെ ഒരു സ്കൂളിൽ നിന്നും വരുവാ .  നിങ്ങളെയൊക്കെ പരിചയപ്പെടാൻ വേണ്ടി വന്നതാ.  അവൾ മുത്തശ്ശിയുടെ കട്ടിലിൽ ഇരുന്നു.

“ഇപ്പോ വയ്യാതായി മോളെ . ഈ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും ഒക്കെ എഴുന്നേറ്റു നടക്കും .  പിന്നെ ഇവിടുത്തെ പിള്ളേർ സമയത്തിന് ആഹാരവും മരുന്നും ഒക്കെ തരും.  എങ്കിലും എൻറെ മക്കളെയും കൊച്ചുമക്കളെയും ഒന്നും കാണാതെ വലിയ വിഷമമാ മനസ്സിൽ . എന്റെ മോന് ദൂരെ ഒരു സ്ഥലത്തേക്ക് ട്രാൻസ്ഫർ കിട്ടി. അവിടെ വീടൊക്കെ ശരിയാക്കീട്ട്  കൊണ്ടുപോകാമെന്നാ അവൻ  പറഞ്ഞത്. ഇവിടെ കൊണ്ടാക്കീട്ട് പിന്നീടവൻ ഇങ്ങോട്ട് വന്നിട്ടില്ല. മാസാമാസം പൈസ ഇവിടെ കൊടുക്കുന്നുണ്ട്.

“മോള് ദാ ആ അലമാരി ഒന്ന് തുറന്നേ  അതിനകത്ത് ഒരു ബാഗ് ഉണ്ട് .  അത് എടുത്തു തന്നാൽ  എൻറെ മക്കളെ കാണിച്ചുതരാം.” മുത്തശ്ശിയുടെ കണ്ണുകളിലെ തിളക്കം അവൾ ശ്രദ്ധിച്ചു.

അവൾ അലമാര തുറന്നു ബാഗ് എടുത്തു കൊടുത്തു. വിറയാർന്ന കൈകളാൽ ആ ബാഗിന്റെ   സിബ്ബ്  തുറക്കാൻ അവർ പാടുപെട്ടു.  അവൾ സഹായിച്ചു.  ബാഗിനകത്തുനിന്നും അവർ ഒരു ഫോട്ടോയെടുത്തു അവൾക്ക് നേരെ നീട്ടി.

ധൃതിയിൽ പോന്നപ്പോൾ  ഇതു മാത്രമേ എടുക്കാൻ പറ്റിയുള്ളൂ.  എൻറെ മോൻ ദൂരെഏതോ നാട്ടിലാണ്. അവനെയും കുടുംബത്തെയും കാത്തോണേ എന്നാണ് എൻറെ ഓരോ നിമിഷവും ഉള്ള പ്രാർത്ഥന

അവൾ ഫോട്ടോ വാങ്ങി നോക്കി. ഒരു നിമിഷം അവൾ സ്തബ്ധയായി പോയി. തൻറെ അച്ഛനുമമ്മയും അമ്മായിയും ഒക്കെയുള്ള ഒരു കുടുംബ ഫോട്ടോ: . ആ ഫോട്ടോ ആരുടെയോ ഒരു കല്യാണത്തിന് എടുത്തതാണ് . ഇത്രയും നാൾ ഇത്ര അടുത്ത് മുത്തശ്ശി ഉണ്ടായിട്ടും എല്ലാവരിൽ നിന്നും അകന്ന് ഒറ്റയക്ക് മുത്തശി ഇവിടെ….” ഒരു നിമിഷം എന്തുപറയണമെന്നറിയാതെ അവൾ സ്തംഭിച്ചുനിന്നു .

“മുത്തശ്ശീ “അവൾ അവരെ കെട്ടിപ്പുണർന്നു.

“ഞാൻ മുത്തശ്ശീടെ ദീപക്കുട്ടിയാ” അവൾ വിതുമ്പി

vഅയ്യോ എൻറെ ചക്കരമുത്ത് ആണോ നീ .എത്ര നാളായി മക്കളെ നിങ്ങളെയൊക്കെ ഒന്നു കണ്ടിട്ട്. “അവർ അവളെ കെട്ടിപ്പിടിച്ച് ഉമ്മകൾ കൊണ്ട് പൊതിഞ്ഞു.

“എൻറെ മുത്തശ്ശി  എത്ര രാത്രികൾ മുത്തശ്ശിയെ കാണാതെ ഞാൻ കരഞ്ഞിട്ടുള്ളത് എന്നറിയാമോ . അവൾ ഏങ്ങലടിച്ചു.

ഇവിടെ വന്ന അന്നുമുതൽ  ഞാനും അങ്ങനെ തന്നെയാ . കരഞ്ഞു കരഞ്ഞു കണ്ണുകൾക്ക് വയ്യാതായി .എൻറെ മക്കളെ കൊച്ചു മക്കളെ കാത്തുകൊള്ളണേ എന്നാണ് എൻറെ പ്രാർത്ഥന മുഴുവൻ .

പെട്ടെന്ന് മിസ്സ് വന്നു .  പോകാൻ സമയമായി എന്ന് പറഞ്ഞു .അച്ഛനമ്മമാരുടെ കുറ്റങ്ങളൊന്നും അവൾ മുത്തശ്ശിയോട് പറഞ്ഞില്ല .  പോകാൻ നേരം യാത്ര പറയുമ്പോൾ  ആ മുത്തശ്ശിയുടെ ഹൃദയം വിങ്ങുന്നുണ്ടായിരുന്നു.

സ്കൂളിൽ നിന്നും തിരികെയെത്തിയ അവൾ  വൃദ്ധസദനത്തിൽ പോയതും മുത്തശ്ശിയെ കണ്ടതും എല്ലാം അച്ഛനോടും അമ്മയോടും പറഞ്ഞു .അവരാകെ  വിളറി വെളുക്കുന്നത് അവൾ കണ്ടു.  പക്ഷേ അവൾ അവരെ കുറ്റപ്പെടുത്തിയില്ല. ഒറ്റക്കാര്യമേ ആവശ്യപ്പെട്ടുള്ളൂ. “ഇപ്പോൾ തന്നെ പോണം മുത്തശ്ശിയെ കൂട്ടികൊണ്ടു വരണം ഇല്ലെങ്കിൽ ഇനി മുതൽ എന്നെയും നിങ്ങൾ എവിടെയെങ്കിലും കൊണ്ടാക്കണം.” ആ വാശിക്ക് മുന്നിൽ  അവർ തോറ്റു. അച്ഛൻ വണ്ടിയെടുത്തു ഒപ്പം അമ്മയും അവളും വൃദ്ധസദനത്തിൽ ചെന്നു.

അച്ഛനെ കണ്ടതും  “എന്റെ മക്കളേ, ഇത്ര നാൾ നീയെവിടെ ആയിരുന്നെടാ ? എന്റെ കണ്ണുകൾ ഓരോ ദിവസവും നിന്നെ കാണാൻ കാത്തിരിക്കയായിരുന്നു” .  എന്നു പറഞ്ഞ് അച്ഛമ്മ ഓടിച്ചെന്ന് അച്ഛനെ . കെട്ടിപ്പിടിച്ചു . അച്ഛമ്മയുടെ കണ്ണുകളിൽനിന്നും ആനന്ദാശ്രുക്കൾ പൊഴിഞ്ഞു . നീണ്ട എട്ടു വർഷങ്ങളുടെ ഇടവേളക്കുശേഷം  ഉള്ള കൂടിക്കാഴ്ച . ഒടുവിൽ മുത്തശ്ശിയെയും കൂട്ടി തിരികെ വീട്ടിലേയ്ക്ക് .

പിറ്റേ ദിവസം ക്ലാസ്സിൽ  തൻറെ യാത്രാവിവരണം പറയുമ്പോൾ  അവളുടെ കണ്ണുകൾ ഈ റനണിഞ്ഞു .  ഇതുപോലൊരു വയസ്സുകാലംനമുക്കും വരും  അന്ന് ദുഃഖിക്കാതിരിക്കാൻ നാം ചെയ്ത തെറ്റുകൾ ഏറ്റു പറഞ്ഞു മാപ്പപേക്ഷിച്ചു തിരുത്താൻ  തയ്യാറാകണം അല്ലെങ്കിൽ പൊറുക്കാനാവാത്ത തെറ്റിന്റെ ഭാരം ജീവിതം മുഴുവൻ നാം ചുമക്കേണ്ടി വരും. ആരെയും കുറ്റപ്പെടുത്തിയതു കൊണ്ടോ ശിക്ഷ നൽകിയതു കൊണ്ടോ ഒന്നും ആവുന്നില്ല . തെറ്റുകൾ സ്വയം  തിരുത്താനും ക്ഷമ പറയാനും തെറ്റുകൾ ആവർത്തിക്കാതിരിക്കാനും  നമ്മൾ പ്രാപ്തരാകണം. അങ്ങനെ നമുക്കെല്ലാം നല്ല മനസ്സിൻറെ ഉടമകളായി മാറാം.

ആ വിവരണം കഴിഞ്ഞപ്പോൾ  ടീച്ചറും കൂട്ടുകാരുമെല്ലാം  കരഘോഷം മുഴക്കി. ഒരു വലിയ ജേതാവിനെപ്പോലെ അവൾ സീറ്റിൽ ചെന്നിരുന്നു. അന്ന് വൈകിട്ട്  മുത്തശ്ശി യോടൊപ്പം  ചിലവഴിക്കേണ്ട നിമിഷങ്ങളെ അവൾ സ്വപ്നം കണ്ടു.

Leave a Comment