School – സ്ക്കൂൾ

കൊറോണവ്യാപനം രൂക്ഷമായതിനാൽ കുട്ടികളെത്തപ്പെടാതെ അടച്ചിടപ്പെടേണ്ടി വന്ന സ്ക്കൂളുകളുടെ സങ്കടം ആരുമറിയാതെ പോകുന്നു. ആ കെട്ടിടങ്ങൾ പരസ്പരം അവരുടെ ദു:ഖങ്ങൾ പങ്കുവെയ്ക്കുന്നു.

സ്കൂൾ
“ദേ കൊറോണ വ്യാപനം വീണ്ടും രൂക്ഷമായിരിക്കുന്നു. അതിനാൽ ലോക്ക്ഡൗൺ നീണ്ടു പോകാനാ സാധ്യത. ഇനി അഥവാ ഇളവുകൾ കൊടുത്താൽ തന്നെ നമ്മുടെ ഗതി ഇങ്ങനെയൊക്കെ തന്നെയായിരിക്കും. ഇപ്പോൾ കുട്ടികളൊക്കെ വീട്ടിൽ തന്നെ ഇരുന്നാ പഠിക്കുന്നത് . ഒരു മൊബൈൽ ഫോൺ മതിയത്രേ പഠിക്കാൻ . ടീച്ചേഴ്സിനെയൊക്കെ വീട്ടിനകത്ത് ഇരുന്നു തന്നെ കാണാൻ പറ്റുമത്രേ . സ്കൂളിലെ പുതിയ കെട്ടിടം പഴയ കെട്ടിടത്തോട് സങ്കടം പറഞ്ഞു . പുതിയ കെട്ടിടം 2020 ഇൽ പണിതീർന്നതാണ്.അതിന്റെ പണിതീർന്ന അന്നുമുതൽ അടഞ്ഞുകിടക്കുകയാണ്. പിന്നീടൊരിക്കലും സ്കൂൾ തുറക്കാൻ കഴിയാത്ത വിധത്തിൽ രോഗവ്യാപനം ആയിപ്പോയി.
പഴയ കെട്ടിടം പുതിയ കെട്ടിടത്തിന്റെ മുമ്പിൽ തൻറെ വിഷമങ്ങളുടെ ഭാണ്ഡം അഴിച്ചു വച്ചു.
കണ്ടോ ഈ നോട്ടീസ് ബോർഡ്. പഴയ നോട്ടീസുകളാ ഇതിൽ പതിച്ചിരിക്കുന്നത്. ഒക്കെ നിറം മങ്ങിയിരിക്കുന്നു. ഈ ബ്ലാക്ക് ബോർഡ് കണ്ടോ, ഇതിൽ ടീച്ചേഴ്സും കുട്ടികളും ഒക്കെ വെളുത്ത ചോക്കുകൊണ്ട് എഴുതുമ്പോൾ എല്ലാവരുടെയും മുമ്പിൽ ഒരു ജേതാവിനെ പോലെ നിവർന്നു നിൽക്കുമ്പോൾ വലിയ ഗമ യായിരുന്നു ബ്ലാക്ക് ബോർഡിന് . പൊടി പി ടി ച്ച ഒരു ഡസ്റ്റർ ടീച്ചറിന്റെ മേശ മേൽ ഏകനായിരിക്കുന്ന കണ്ടില്ലേ. പിന്നെ ഈ ചാർട്ട് പേപ്പറുകൾ കണ്ടോ ഇതെല്ലാം കുട്ടികൾ വരച്ചതാ . അവരുടെ സ്വപ്നങ്ങളാണ് ഇവിടെ ഈ ചുമരിൽ തൂക്കിയിട്ടിരിക്കുന്നത്. ഈ ഫാനും ലൈറ്റുമൊക്കെ കണ്ടോ എല്ലാം പൊടി പിടിച്ചു പോയിരിക്കുന്നു.
ഈ ബെഞ്ചും ഡെസ്കും ഒക്കെ കണ്ടോ, എത്ര കുട്ടികളാണ് ഇവിടെ ഇരുന്നു പഠിച്ചിരുന്ന തെന്നറിയാമോ, അവരിൽ പലരും ഇന്ന് ഭാവി വാഗ്ദാനങ്ങൾ ആയി മാറിയിട്ടുണ്ട്. അവർ കോറിയിട്ട ചിത്രങ്ങൾ കണ്ടോ, ഒക്കെ കോമ്പസ് കൊണ്ട് വരച്ചതാണ്. അതൊക്കെ ഞങ്ങൾ മായാതെ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
iനിങ്ങൾ ഇതൊക്കെ പറയുന്നു എൻറെ വിഷമം എന്താന്നോ ,എൻറെ ശബ്ദം കേട്ടാണ് ഓരോ പീരീഡും കുട്ടികൾ തിരിച്ചറിഞ്ഞിരുന്നത് “. ബെല്ല് തൻറെ സങ്കടം അറിയിച്ചു.

“നിങ്ങൾ പറയുമ്പോൾ എനിക്കുമുണ്ട് സങ്കടം. “അസംബ്ലി ഗ്രൗണ്ടാണ്.
“ഇത് കണ്ടോ ഈ പൊക്കമുള്ള സ്റ്റേജിൽ കയറി നിന്നാണ് കുട്ടികൾ മൈക്കിലൂടെ പ്രാർത്ഥനയും പ്രതിജ്ഞയും ജനഗണമനയുമൊക്കെ ചൊല്ലിയിരുന്നത്. എനിക്ക് ഉൾക്കൊള്ളാൻ കഴിയാത്തത്ര കുട്ടികൾ ഉണ്ടായിരുന്നു. അവരിങ്ങനെ നിറഞ്ഞു നിന്നു ജനഗണമന ചൊല്ലുമ്പോൾ ഞാനും അതേറ്റു ചൊല്ലുമായിരുന്നു . അവരുടെ ബാൻഡടി മേളത്തിനൊത്ത് എൻറെ മനസ്സും മാർച്ച് ചെയ്യുമായിരുന്നു. ആ നിർവൃതി ഒന്നു വേറെ തന്നെയായിരുന്നു. ആ ജനഗണമന ഇല്ലേ , അതിപ്പോഴും എന്റെ കാതിൽ മുഴങ്ങുന്ന പോലെ . അസംബ്ലി ഗ്രൗണ്ട് ദീർഘനിശ്വാസം വിട്ടു.
“എൻറെ സങ്കടം എന്താന്നോ എല്ലാ ജനുവരി 26നും ഓഗസ്റ്റ് 15 നും ത്രിവർണ്ണപതാക പാറിക്കളിക്കുന്നത് എൻറെ മുകളിലാണ്. ആ ദിവസങ്ങളിൽ വന്ദേമാതരം കുട്ടികൾ ചൊല്ലുമ്പോൾ ആ താളത്തിനൊത്ത് ഞാൻ ത്രിവർണ പതാകയെ മുകളിലേക്കുയർത്തി കാറ്റിൽപറത്തി ദേശസ്നേഹം പ്രകടിപ്പിക്കുകയായിരുന്നു. ഇപ്പോൾ അതൊന്നുമില്ലാതെ മഴയും വെയിലും കൊണ്ടു വിറങ്ങലിച്ചു നിൽക്കുകയാണ് ഞാൻ . ആ ഓർമ്മകളിൽ നീറി നീറി കണ്ടോ എന്റെ ദേഹത്തൊക്കെ തുരുമ്പു കയറിയിരിക്കുന്നത്. ” കൊടിമരം തന്റെ വിഷമം അറിയിച്ചു.
“അതൊന്നുമല്ല എൻറെ സങ്കടം ” മൈതാനമാണ്. കുട്ടികൾ കളിക്കാൻ വരാത്ത സങ്കടമാണ്. എത്ര ഫുട്ബോളും ക്രിക്കറ്റ് ബോളുമാണ് ഇവിടെ ഉരുണ്ടിട്ടുള്ളത്. എത്ര കുട്ടികളാണ് ഇവിടെ ഓടി കളിച്ചിരുന്നത്. എത്രപേർക്ക് പരിക്ക് പറ്റിയിട്ടുണ്ട് , എങ്കിലും അവർ പിന്നെയും വരുമായിരുന്നു തന്റെ അടുക്കൽ. തന്നെ അത്ര ഇഷ്ടമായിരുന്നു അവർക്ക് . പി.റ്റി. പിരീഡ് ആയാൽ അവരോടി തൻറെ അടുത്തെത്തും. തൻറെ അടുത്തെത്താൻ വേണ്ടി മാത്രം സ്ക്കൂളിൽ വരുന്നവരുമുണ്ട് അക്കൂട്ടത്തിൽ . മൈതാനം ഓർമ്മകൾ അയവിറക്കി.
“ദേ എനിക്കുമുണ്ട് സങ്കടം. ” ടോയ്ലറ്റ് ആണ് . ഇൻറർ വെല്ലിന് കുട്ടികൾ ഓടി തൻറെ അടുത്തെത്തും . ചിലർ കാര്യം കഴിഞ്ഞാലും പതുക്കെ ഇവിടെത്തന്നെ കറങ്ങി തിരിഞ്ഞു നിൽക്കും ഹോംവർക്ക് ചെയ്യാതെയോ പഠിക്കാതെയോ ഇഷ്ടമില്ലാത്ത ടീച്ചർമാരോ മറ്റോ ക്ലാസെടുക്കാൻവന്നാലോ അവർ ഇവിടെ അങ്ങനെ കറങ്ങി തിരിഞ്ഞു നിൽക്കും . ആ കള്ളത്തരം കണ്ടിട്ടു താൻ എത്ര തവണ ഊറി ചിരിച്ചിട്ടുണ്ട്. ഇപ്പോൾ ഇത് കണ്ടോ . ഈ പൈപ്പുകൾ ഒക്കെ ഉണങ്ങി വരണ്ടു. ആ നിരനിരയായി വച്ചിരിക്കുന്ന പൈപ്പുകളില്ലേ, കുട്ടികൾ ഉച്ചയൂണ് കഴിഞ്ഞു പാത്രം കഴുകാൻ വരുന്നത് ഇവിടെയാണ് അവരുടെ ഉന്തുംതള്ളും കണ്ടു എത്ര തവണ താൻ ചിരിച്ചിട്ടുണ്ട്.
കുട്ടികളില്ലാതെ ശൂന്യമായ ഈ കമ്പ്യൂട്ടർ റൂം കണ്ടോ,കമ്പ്യൂട്ടറുകൾ ഒക്കെ വിഷാദ മഗ്‌നരായിരിക്കുകയാണ് . കുട്ടികളില്ലാതെ ഞങ്ങളെന്തിന്, ഇപ്പോൾ കുട്ടികളെല്ലാം തങ്ങളെ ഉപേക്ഷിച്ചു മൊബൈൽ ഫോണും ലാപ്ടോപ്പുമൊക്കെ തേടി പോകുന്നു. ഓർക്കുമ്പോൾ തന്നെ വല്ലാത്ത നിരാശയാണ്.
ഈ സ്പോർട്സ് റൂം കണ്ടോ, ഇവിടെ ഫുട്ബോളും ക്രിക്കറ്റ് ബാറ്റും ബോളുമൊക്കെ തടവിലാക്കപ്പെട്ടിരിക്കുകയാണ് . അവരൊക്കെ കുട്ടികളെയൊന്നും കാണാതെ വിഷമിച്ചിരിക്കുകയാണ്.

ടീച്ചേഴ്സ് റൂം കണ്ടോ, അവിടെയുള്ള മേശകളിൽ എത്രയെത്ര ബുക്ക് കെട്ടുകളാണ് ദിവസവും നിരന്നിരുന്നിരുന്നത് . ടീച്ചേഴ്സ് ഒന്നും വരാതെ കുട്ടികൾ ഒന്നും തിരിഞ്ഞുനോക്കാതെ ഇപ്പോൾ എല്ലാം പൂപ്പൽപിടിച്ചിരിക്കുകയാണ്.
മൈതാനങ്ങൾ ഒക്കെ കാടുപിടിച്ചു കിടക്കുന്ന കണ്ടില്ലേ.കുട്ടികൾ നട്ടുനനച്ചിരുന്ന ചെടികളൊക്കെ മുരടിച്ചു നിൽക്കുന്നു.പൂവുകളൊക്കെ ശുഷ്കിച്ചു. പോയിരിക്കുന്നു.
വാതിലുകളും ജനലുകളും ഒക്കെ കരയുകയാണ് ഞങ്ങൾ ബന്ധിക്കപ്പെട്ടിട്ട് ഇപ്പോൾ എത്ര നാളുകളായി. ഗോവണിപ്പടികൾ വിഷമത്തോടെ കിടക്കുന്നു. കുട്ടികൾക്ക് ചവിട്ടി കയറാൻ പറ്റിയില്ലെങ്കിൽ പിന്നെ തങ്ങൾ എന്തിനാ . അവർ വിലപിക്കുന്നു.
സ്കൂളിന് ചുറ്റിലുമുള്ള മാവും തെങ്ങുമൊക്കെ വിഷമിച്ചിരിക്കുകയാണ്. ടീച്ചർമാർ കാണാതെ ചില വിരുതന്മാർ കരിക്കിട്ട് കല്ലുകൊണ്ട് ഇടിച്ചു പൊട്ടിച്ച് കഴിക്കാറുണ്ട് , അപ്പോഴുള്ള അവരുടെ ശുഷ്ക്കാന്തി കാണുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. തെങ്ങിൻറെ വിഷമം അതാണ് .
മാങ്ങ ഉണ്ടാവുമ്പോൾ താൻ കൊണ്ടിട്ടുള്ള ഏറിന് കണക്കൊന്നും ഇല്ല എങ്കിലും അതൊന്നും ഒരു വേദനയെ അല്ല . കുട്ടികൾ ഉപ്പും കൂട്ടി മാങ്ങ കടിച്ചു കഴിക്കുന്ന കാഴ്ചയില്ലേ അതൊന്നു കാണേണ്ടതു തന്നെ എത്ര സന്തോഷമുള്ളതായിരുന്നു ആ ദിനങ്ങൾ . മാവ് തന്റെ വിഷമം ഉള്ളിലൊതുക്കി നിന്നു.
ലബോറട്ടറികൾക്കുമുണ്ട് വിഷമങ്ങൾ . കുട്ടികൾക്ക് ഉപയോഗിക്കാൻ കഴിയാത്ത ഈ ഉപകരണങ്ങളെല്ലാം ഇപ്പോൾ നശിച്ചുകൊണ്ടിരിക്കുന്നു .വല്ലാത്തൊരു ദുരവസ്ഥയായിപ്പോയി തങ്ങളുടേത് എന്നു പറഞ്ഞു കരയുകയാണ് .
“എത്ര കുട്ടികളാ എന്നിൽ അങ്ങോട്ടുമിങ്ങോട്ടും ഊയലാടിയിട്ടുള്ളത് , എത്രയോ കുട്ടികളെ അകത്തേക്കും പുറത്തേക്കുമൊക്കെ താൻ കടത്തി വിട്ടിട്ടുണ്ട്. ” ഗേറ്റ് പറഞ്ഞു.
ഇടനാഴികളൊക്കെ കുട്ടികളുടെ കലപില കേൾക്കാതെ നിശബ്ദതയുടെ ആഴങ്ങളിൽ മുങ്ങി താഴുന്നു ,
“നിങ്ങൾക്കൊക്കെ ഈ ഓർമ്മകളെങ്കിലും ഉണ്ടല്ലോ അയവിറക്കുവാൻ . പക്ഷേ ഞാനോ “
പുതിയ കെട്ടിടം വിതുമ്പി .വെറും പാഴായ ഒരു ജന്മം ആയി പോയല്ലോ തന്റേത് . ആ കെട്ടിടം തൻറെ ദുരവസ്ഥയെ ഓർത്ത് വിലപിച്ചു.
ഈ കാലമൊക്കെ മാറി പഴയതു പോലെ വീണ്ടും കുട്ടികൾ വരുന്ന ഒരു നല്ല നാളെയെ സ്വപ്നം കണ്ട് ആ സ്ക്കൂൾ കെട്ടിടങ്ങളും പരിസരവും പ്രതീക്ഷയോടെ കാത്തിരിപ്പ് തുടർന്നു.

Leave a Comment