ഉള്ളപ്പോൾ ഒന്നിന്റെയും വില നാം അറിയില്ല. നഷ്ടപ്പെടുമ്പോൾ മാത്രമേ വിലമതിക്കാൻ പറ്റാത്തതായിരുന്നു അത് എന്ന് നാം മനസ്സിലാക്കുകയുള്ളൂ. അപ്പോഴേയ്ക്കും എല്ലാം വൈകിപ്പോയിരിക്കും. അതിനിട വരുത്താതിരിക്കുക.
പകരമാവില്ല ഒന്നും
പ്രഭാതമായി എന്ന് വിളിച്ചോതിക്കൊണ്ട് ദൂരെയെവിടെനിന്നോ പൂവൻ കോഴിയുടെ കൂവൽ കേൾക്കാം. സൂര്യ കിരണങ്ങൾ മെല്ലെ മെല്ലെ ഭൂമിയെ തഴുകുമ്പോൾ കിളികൾ മരച്ചില്ലകളിലിരുന്ന് സംഗീതമാലപിക്കുകയായിരുന്നു . കാലുകൾക്ക് വലിയ സന്തോഷമായി. ഇനിയിപ്പോൾ യാത്ര തുടങ്ങാം. എന്തെല്ലാം മനോഹരമായ കാഴ്ചകളാണ് പ്രകൃതിയിലുള്ളത്. അതൊക്കെ കണ്ടു രസിച്ചു അങ്ങനെ നടക്കണം. അങ്ങനെ ഒത്തിരി സ്വപ്നങ്ങൾ കാലുകൾ മനസ്സിൽ നെയ്തു വച്ചു.
ഇത്രയും സന്തോഷം ഒക്കെയാണെങ്കിലും എന്നും കാലുകൾ തമ്മിൽ മത്സരമായിരുന്നു യാത്രകൾ അവർക്ക് വലിയ ഹരമായിരുന്നു. നമ്മളിൽ ആരാണ് കേമൻ , ആരാണ് ബലവാൻ, ആരാണ് ഏറ്റവും കൂടുതൽ മുൻപിലേക്ക് പോകുന്നത് എന്ന് അവർ തമ്മിൽ എന്നും മത്സരമായിരുന്നു. ആദ്യം ഒന്നു മുമ്പിൽ ആകുമ്പോൾ മറ്റേത് പുറകിലാകും. അപ്പോൾ പുറകിലത്തെ കാൽ കൂടുതൽ ആഞ്ഞ് മുൻപിലേയ്ക്ക് ചെല്ലും . അങ്ങനെ താനാണ് കേമൻ , താനാണ് കേമൻ , താൻ കാരണമാണ് ഇത്രയും ദൂരം വേഗത്തിൽ സഞ്ചരിക്കാൻ കഴിഞ്ഞത് , താൻ ഇല്ലെങ്കിൽ കാണാമായിരുന്നു എന്ന് രണ്ടുപേരും പരസ്പരം വാഗ്വാദങ്ങൾ നടത്തിക്കൊണ്ടേയിരുന്നു . രണ്ടു പേരും അവരവരുടെ മേന്മകൾ കൊട്ടിഘോഷിക്കുന്നതിനോടൊപ്പം മറ്റേ കാലിന്റെ കുറ്റത്തെ പരമാവധി പെരുപ്പിക്കാനും ശ്രമിച്ചിരുന്നു. എന്നും അവർ തമ്മിൽ ഇക്കാര്യം ചൊല്ലി കലഹമായിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം ഒരു കാലിന് ചെറിയ വേദന വന്നു. നടക്കാൻ ഒരല്പം ബുദ്ധിമുട്ട് . മറ്റേ കാലിന് ഇത് കണ്ടപ്പോൾ വലിയ സന്തോഷമായി. എന്തായാലുംഅവനിനി വീമ്പു പറഞ്ഞു തൻറെ അടുത്ത് മത്സരിക്കാൻ വരില്ലല്ലോ. തൻറെ മേന്മകൾ എല്ലാവരോടും ഇനി കൊട്ടിഘോഷിച്ചു നടക്കാം. ആദ്യത്തെ ദിവസം വേദനയുള്ള കാലിന് വലിയ സങ്കടവും മറ്റേ കാലിന് വലിയ സന്തോഷവും ആയിരുന്നു. രണ്ടാം ദിവസം ആയപ്പോൾ വേദനയുള്ള കാൽ ഒട്ടും തന്നെ നിലത്ത് കുത്താൻ പറ്റാതായി. ശരീരഭാരം മുഴുവൻ താങ്ങി മറ്റേ കാൽ ക്ഷീണിച്ചു. പിന്നീടുള്ള ദിവസങ്ങൾ മറ്റേ കാലിന് വിശ്രമമില്ലാത്ത പണിയായിരുന്നു. മുഴുവൻ ഭാരവും ഒറ്റയ്ക്കു താങ്ങി ക്ഷീണിച്ചു അവശനായി.
ഈ മനുഷ്യന് എവിടെയെങ്കിലും ഒന്നടങ്ങി കിടന്നു കൂടെ . ഭാരം മുഴുവൻ ഒറ്റയ്ക്ക് താങ്ങാൻ തനിക്കിനി വയ്യ.. മറ്റേ കാൽ ഉള്ളിൽ പറഞ്ഞു.
ഒടുവിൽ ഡോക്ടറെ കാണാൻ തീരുമാനിച്ചു. ഓരോ പ്രാവശ്യം അയാൾ എഴുന്നേറ്റ് നടക്കുമ്പോഴും മറ്റേ കാലിന് വലിയ വെപ്രാളം ആയിരുന്നു. “
“ഒറ്റയ്ക്ക് ഈ ഭാരമൊന്നും ചുമക്കാൻ എനിക്ക് വലിയ പ്രയാസമൊന്നുമില്ല, നീയാണ് എനിക്ക് ഭാരം “എന്നുള്ള വീമ്പു പറച്ചിൽ ഇപ്പോൾ ഇല്ല. ആകെ വേദനയും സങ്കടവും തളർച്ചയും മാത്രം. ഒടുവിൽ ഡോക്ടറെ കണ്ടു വിവരങ്ങൾ ധരിപ്പിച്ചു. വേദനയുള്ള കാൽ ഇനി വച്ചിട്ട് കാര്യമില്ല എന്ന് ഡോക്ടർ പറഞ്ഞു. ഒരു ഇടിത്തീ പോലെയാണ് ആണ് മറ്റേ കാൽ ഈ വാർത്ത കേട്ടത്. അങ്ങനെ വേദനയുള്ള കാൽ ഓപ്പറേഷൻ ചെയ്തു എടുത്തുകളഞ്ഞു. വിച്ഛേദിക്കപ്പെട്ട ആ കാലിനെ അവസാനമായി ഒരു നോക്ക് കാണാനോ ഒരു യാത്രാമൊഴി ചൊല്ലാനോ കഴിയാത്ത വിധം താൻ മയക്കത്തിലായിരുന്നു. ഒടുവിൽ ഉണരുമ്പോൾ വേദനയുള്ള കാലിന്റെ സ്ഥാനത്ത് ശൂന്യതയും ശരീരത്തിൽ നിന്നും അടർന്നു പോകാൻ വയ്യ എന്നു പറഞ്ഞ് അള്ളിപ്പിടിച്ചിരുന്ന മുറിവുകളും വേദനയും മാത്രം.
ഇതുവരെ വരെ തമ്മിൽ തമ്മിൽ മത്സരിച്ചത് വെറുതെയായിരുന്നു എന്ന് അപ്പോഴാണ് മനസ്സിലായത് . ഞാനാണ് കേമൻ ഞാനാണ് കേമൻ എന്ന് പറഞ്ഞു കലഹിച്ചത് വെറുതെയായിരുന്നു , നിന്നെ മാത്രം കുറ്റപ്പെടുത്തിയതും സങ്കടപ്പെടുത്തിയതും വേദനിപ്പിച്ചതും ഒക്കെ വെറുതെ ആയിരുന്നു. നീയുള്ളപ്പോൾ മാത്രമേ കേമത്തം കാണിക്കാൻ എനിക്ക് കഴിഞ്ഞിരുന്നുള്ളൂ . ഇന്ന് നീയില്ലാതെ ഈ വീടിനകത്ത് മാത്രം ഒതുങ്ങിക്കൂടി ഞാൻ തനിച്ച് ……………………………………………………
വിതുമ്പലുകൾ തേങ്ങലുകളായി. ഈ ഭാരമെല്ലാം ഒറ്റയ്ക്ക് ചുമക്കാൻ തനിക്ക് ആവുന്നില്ല മുന്നോട്ടുള്ള യാത്രകൾ ഞൊണ്ടി ഞൊണ്ടി നടന്നിട്ട് വേദന സഹിക്കാൻ പറ്റുന്നില്ല. എവിടെയെങ്കിലും ഈ മനുഷ്യനൊന്ന് അടങ്ങി കിടന്നാലല്ലേ. ആ കാൽവിതുമ്പി .
ഒടുവിൽ രാത്രിയായപ്പോൾ ലൈറ്റണച്ച് അയാൾ കിടക്കയിലേയ്ക്ക് കിടക്കുമ്പോൾ ഒറ്റയ്ക്കായിപ്പോയ ആ കാൽ വല്ലാതെ തേങ്ങി . മറ്റേ കാലിൻറെ ഓർമ്മകൾ അവനെ വല്ലാതെ അലട്ടി . നീയുള്ളപ്പോൾ നിൻറെ വില ഞാൻ മനസ്സിലാക്കിയില്ല. എന്നും നിൻറെ കുറ്റങ്ങളും കുറവുകളും മാത്രമേ ഞാൻ കണ്ടിരുന്നുള്ളൂ. പക്ഷേ നീ ചെയ്തിരുന്ന സഹായങ്ങളൊന്നും ഞാൻ മനസ്സിലാക്കിയില്ല. നിന്റെ സഹായവും സഹകരണവും കൊണ്ടാണ് ഇത്രയും നാൾ വളരെ കേമനായി ഇത്രടം വരെ എത്താൻ എനിക്ക് കഴിഞ്ഞത് . നിന്നെ മനസ്സിലാക്കാൻ ഞാനേറെ വൈകിപ്പോയി. തിരിച്ചു പിടിക്കാനാവാത്തവിധം നീ അകലെ ആയപ്പോഴാണ് എനിക്ക് നിന്റെ വില മനസ്സിലാകുന്നത്. നീ കൂടെ ഉണ്ടായിരുന്നപ്പോൾ നിന്നെ ആശ്വസിപ്പിക്കാനോ സന്തോഷിപ്പിക്കാനോ ശ്രമിക്കാതെ മത്സരിക്കുക മാത്രമാണ് ഞാൻ ചെയ്തിരുന്നത്. ആ വേദന ഇപ്പോൾ എന്നിൽ ആഴത്തിൽ ചൂഴ്ന്ന് നിൽക്കുകയാണ്.
ഇപ്പോൾ സഞ്ചാരം എനിക്കിഷ്ടമല്ല.അതെനിക്ക് വേദനാജനകമാണ്. ഇപ്പോൾ ഈ മുറിവിട്ട് പുറത്തിറങ്ങാൻ എനിക്കിഷ്ടമല്ല. മറ്റുള്ളവരെ കാണുന്നത് എനിക്കിഷ്ടമല്ല. മറ്റുള്ളവരുടെ നോട്ടവും സഹതാപവും എനിക്ക് സഹിക്കാൻ വയ്യ. ഈ കട്ടിലിൽ തന്നെ ഇങ്ങനെ കിടക്കാനാണ് എനിക്കിഷ്ടം. കൂടെ ഇരുട്ടിനെയും ഞാൻ ഇഷ്ടപ്പെടുന്നു. എൻറെ വേദനയും മറ്റും ആരും കാണാതെ കരഞ്ഞു തീർക്കാൻ എനിക്ക് ഇരുട്ട് അത്യാവശ്യമായിരിക്കുന്നു , നീ ഇല്ലെങ്കിൽ ഞാൻ ഒന്നുമല്ല എന്ന സത്യം ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു. പക്ഷേ അതിന് നീ നഷ്ടപ്പെടേണ്ടി വന്നുവല്ലോ എന്നോർക്കുമ്പോൾ എനിക്ക് സങ്കടം സഹിക്കുവാൻ ആവുന്നില്ല.
ഇപ്പോൾ നിനക്കു പകരം എനിക്കൊരു വാക്കിങ്ങ് സ്റ്റിക്കുണ്ട് . പക്ഷേ അതുകൊണ്ടൊന്നും ഒരു കാര്യവുമില്ല. ഒന്നും നിനക്ക് പകരമാവില്ല എന്ന സത്യം ഇന്ന് ഞാൻ തിരിച്ചറിയുന്നു. ഞാൻ അനുഭവിച്ചിരുന്ന സുഖ സൗകര്യങ്ങളൊന്നും ഇന്നെനിക്ക് സന്തോഷം തരുന്നില്ല. എല്ലാറ്റിനും ഞാൻ വൈകിപ്പോയല്ലോ എന്നോർക്കുമ്പോൾ ………..ആ ഇരുട്ടിൽ ഒറ്റയ്ക്കായിപ്പോയ ആ കാൽ ആരും അറിയാതെ ഏങ്ങലടിച്ചു കരഞ്ഞു.