Kuda – കുട

ഒരു ജന്മം മുഴുവൻ വെയിലും മഴയും കൊള്ളാതെ നമ്മളെ പരിരക്ഷിച്ചാലും ഒടുവിൽ ആവതില്ലാതായി മാറുമ്പോൾ വെറും ആക്രിയായിത്തീർന്ന കുടയുടെ ദുഃഖം ഇവിടെ അവതരിപ്പിച്ചിരിക്കുന്നു.

ഒരു കുട,നിങ്ങളെ രക്ഷിച്ചു ഞാനെന്നും
വെയിലും മഴയും കൊള്ളാതെ കാക്കുന്നു
എൻറെ കാൽ പിടിച്ചന്നു നിങ്ങൾ നടന്നില്ലേ
പോയ വഴിയെല്ലാം ഞാൻ കൂട്ടായിരുന്നില്ലേ .

നിങ്ങളുടെ രക്ഷയ്ക്ക് വേണ്ടിയല്ലോ ഞാൻ
എൻറെ വയ്യായ്കകൾ അവഗണിച്ചു
കുംഭ മീനങ്ങളിലെ ചൂട് വകവെച്ചില്ല
കർക്കിടകത്തിലെ മഴയും നോക്കിയില്ല.

മഴയും വെയിലുമേറ്റെൻറെ നിറം മങ്ങി
കാലുകൾക്കോ ബലം തീരെ ഇല്ലാതായി
കമ്പികളൊക്കെ ഒടിഞ്ഞു തുരുമ്പിച്ചു
പലതവണ നോക്കിയിട്ടും നിവരുന്നില്ല.

പുതു തലമുറയ്ക്കായ് ഞാൻ വഴിമാറി ഇന്ന്
വീടിൻറെ ഒരു കോണിൽ ഇരുളിലൊതുങ്ങിപ്പോയ്
വീണ്ടും തുരുമ്പാർത്തു കയറുന്നു എൻറെ
തുണിയോ കുത്തു വീണൊക്കെ നശിച്ചുപോയ്.

ഒടുവിൽ നരച്ചെന്റെ തുണികൾ ഞരങ്ങുന്നു
നിവരുവാൻ പോലുമാവാത്തൊരാ കമ്പികൾ കരയുന്നു
“നശിച്ച കുട” എന്ന വിളിപ്പേരും കിട്ടിപ്പോയ്
ഭാരമായ് തീർന്നുവോ ഞാനന്ന് നിങ്ങൾക്ക് .

ഒടുവിലാ ആക്രി സദനത്തിലേയ്‌ക്കെന്നെ
നിസ്സാര വിലക്കന്ന് മാറ്റിയില്ലേ നിങ്ങൾ
സങ്കടമേറെ എന്നുള്ളിലുണ്ടെങ്കിലും
ആരും അറിഞ്ഞതില്ല എൻറെ ദുഃഖങ്ങൾ .

ഇവിടെ തുരുമ്പിച്ച ഒരുപാടുപേരുണ്ട്
തമ്മിലറിയാത്തവർ വേദന തിന്നുന്നോർ
അവർക്കിടയിൽ ഞാനും ഒരംഗമായ് മാറുമ്പോൾ
നഷ്ടമായെൻറെയധ്വാനവും സ്വപ്നവും .

നിങ്ങൾക്കൊപ്പം നിങ്ങൾക്കു മീതെ
ഒരു ജേതാവായ് വാണിരുന്നൊരു കാലത്തു ഞാൻ
ഇന്നീ ആക്രികൾക്കിടയിൽ വെറും ഒരു
തുരുമ്പായി കേഴുന്നു ഇതോ ജീവിതം .

Leave a Comment