മണ്ണിലും വിണ്ണിലും പൊൻ പ്രഭ പരന്നു
ഓരോരോ മനസ്സിലും പ്രതീക്ഷകൾ നിറഞ്ഞു
സൂര്യകിരണങ്ങൾ ഭൂമിയെ മെല്ലെ തൊട്ടുണർത്തിടുമ്പോൾ
കിളികളോതുന്നു കാറ്റുമോതുന്നു നവവത്സരമായി
നവവൽസരമായി വീണ്ടും നവവത്സരമായി.
എവിടെനിന്നോ വന്ന പൂങ്കാറ്റേ
നീ വീശും വഴിയിലെ സുഗന്ധം കൊണ്ടു വായോ
പൊൻ പട്ടു പുടവയുടുത്തൊരു പുലരി
ഒരുങ്ങി നിൽപ്പതു കണ്ടില്ലേ
കാലദേശങ്ങൾക്കതീതമായ്
പ്രഭ ചൊരിയും സൂര്യനെപ്പോൽ
നമ്മൾ വെളിച്ചമായ് നിൽക്കേണം
സഹജീവികൾക്ക് താങ്ങാകാൻ
ഈ പ്രപഞ്ചശക്തിയെ വാഴ്ത്തിടാം.
വർണ്ണ ഭേദങ്ങൾ മറന്നിടാം
ജാതിമതങ്ങൾ തീർക്കും മതിലുകൾ തകർത്തിടാം
ശത്രുതകൾക്ക് വിട ചൊല്ലാം
മാനുഷരെല്ലാരും ഒന്നല്ലേ
പകർച്ചവ്യാധികൾ കാലാവസ്ഥകൾ
തകർത്തെറിഞ്ഞൊരിലോകത്തിൻ
ഉയർത്തെഴുന്നേൽപ്പിനെ വരവേൽക്കാം
ഒരുമിച്ചു പാടാം നമുക്കൊരുമിച്ചാടാം
മഴവില്ലിൻ ചാരുതയേറ്റൊരു മയൂരമായ് നൃത്തമാടാം .