ഇനിയെത്ര നേരം കാത്തിരിക്കേണം ഞാൻ
മകനേ നീ ഒന്നരികിലെത്താൻ.
ഈ അമ്പലം വലം വച്ചു തൊഴുതു ഞാനെത്തുമ്പോളാ –
തിരക്കിൽ ഇവിടെ ഒറ്റപ്പെട്ടു പോയ്.
എന്തു ചെയ്യേണമെന്നറിയാതെ പരിഭ്രമം പൂണ്ട്
ആ തിരക്കിൽ നിന്നെ തിരഞ്ഞു നടന്നു ഞാൻ .
ഒത്തിരി നേരം ഞാൻ തിരഞ്ഞു നിന്നെ
പ്രായത്തിന്നവശത ഏറെയുണ്ടായിട്ടും.
എങ്കിലും വേച്ചുവേച്ചൊത്തി നടന്നു ഞാൻ
നീ നിന്നിടത്തീ സഞ്ചി മാത്രമേ കണ്ടുള്ളൂ.
അന്നുമുതലിന്നോളം ഇവിടെ വന്നു പോകുന്നോർ
തരുന്നൊരാ ഭിക്ഷയും ഇവിടുത്തെ അന്നവും
ആശ്രയിച്ചിവിടെ കഴിഞ്ഞുകൂടുന്നു ഞാനെങ്കിലും
നീ അടുത്തില്ലാത്ത നിമിഷങ്ങൾ ശൂന്യമായ് .
ഓരോരോ ദിനവും ഇവിടെ എത്തുന്നോരിൽ
നിൻ മുഖം തിരഞ്ഞു ഞാനിരിക്കുന്നേകയായ്
ഇപ്പോൾ ദിനങ്ങളെത്ര കഴിഞ്ഞുവെന്നറിയില്ല
ദേഹമോ ക്ഷീണിച്ചവശമായി.
മഴയും വെയിലും മഞ്ഞും പൊടിയുമേറ്റ്
കഴിയുന്നു ഞാനിവിടെ നിരാലംബയായ്
പിന്നെ കൂട്ടിനായ് മറ്റു ചിലരുണ്ടിവിടെ
അവരും അവശരാ , എന്നെപ്പോലിവിടെ നട തള്ളപ്പെട്ടോരാ.
രാവിൽ തിരക്കുകളൊഴിയുമ്പോളാ മരച്ചോട്ടിലീ
സഞ്ചിയുമായ് പ്രതീക്ഷയോടിരിപ്പൂ ഞാൻ .
നിന്റെ “അമ്മേ” എന്നുള്ള വിളിക്കായ് കാതോർത്ത്
ഉള്ളം പിടഞ്ഞു ഞാൻ കഴിയുന്നു നിത്യവും.
ഇന്നും നീ വന്നില്ല , നീ സുഖമായിരിക്കുന്നോ
എന്തെന്നറിയാനൊരു വെമ്പൽ എന്നിൽ നിറഞ്ഞു നിൽപ്പൂ .
ഞാനടുത്തില്ലാതെ എങ്ങനെ നീ കഴിയും
എന്നോരു വിഷമം ബാക്കിയാണിപ്പോഴും .
നാളെപ്പുലരിയിൽ നീ വന്നു വിളിക്കുമെന്നോർത്ത്
മയങ്ങട്ടെ വീണ്ടും ഞാനീ മരച്ചോട്ടിൽ .