നാട്ടുവഴികളിലൂടെ നാട്ടുവഴികളിലൂടെ
വീണ്ടുമൊന്നു സഞ്ചരിക്കാനെൻറെയുള്ളിൽ മോഹം
ഞാറുകൾ പച്ച വിരിച്ച വയലിൻ വരമ്പിലൂടെ നടക്കണം
കിളികൾ പാടും കുന്നിൻ ചെരുവിലെ വഴികളിലൂടെ നടക്കണം
വഴിയിൽ മേയാൻ കെട്ടിയ പശുവിനെ പുല്ലു തീറ്റാൻ മോഹം
പ്ലാവില കാട്ടി ആടിനെ വേലീൽ കയറ്റി നിർത്താൻ മോഹം
മാവിൽ കല്ലെറിഞ്ഞിട്ടാ മാങ്ങ വീഴ്ത്താൻ മോഹം
കുളത്തിൽ കല്ലെറിഞ്ഞിട്ടാ ഓളങ്ങളെണ്ണാൻ മോഹം
നാട്ടുവഴികളിലൂടെ നാട്ടുവഴികളിലൂടെ
വീണ്ടുമൊന്നു സഞ്ചരിക്കാനെന്റെയുള്ളിൽ മോഹം .
തൊട്ടാൽ വാടിയെ വീണ്ടും വീണ്ടും തൊട്ടുറക്കാൻ മോഹം
മൺപാതയിലെ മണ്ണിൽ കാലാൽ ചിത്രം എഴുതാൻ മോഹം
പൂങ്കോഴി കൂവും അലാം കേട്ടുറക്കമുണരാൻ മോഹം
ഒളിഞ്ഞിരുന്നു കൂവും കുയിലിനെ കൂവി തോൽപ്പിക്കേണം
പറമ്പിൽ ചിക്കിചികയും കോഴിയെ കണ്ടിരിക്കാൻ മോഹം
തൂണുകളില്ലാ ആകാശത്തെ നോക്കിയിരിക്കാൻ മോഹം
പൂവുകളിൽ തേനുണ്ണും തുമ്പിയ കല്ലെടുപ്പിക്കാൻ മോഹം
പുഴയിൽ നീന്തി തുടിക്കും മീനോടൊപ്പം നീന്താൻ മോഹം
നാട്ടുവഴികളിലൂടെ നാട്ടുവഴികളിലൂടെ
വീണ്ടുമൊന്നു സഞ്ചരിക്കാനെന്റെയുള്ളിൽ മോഹം .
നാട്ടുവഴിയിൽ പൂത്തു നിൽക്കും വേലിപ്പടർപ്പിലൂടെ
പതുങ്ങിയെത്തും കാറ്റിനോടാരു കിന്നാരം ചൊല്ലേണം
നെല്ലി മരത്തെ കുലുക്കിയിട്ടാ നെല്ലിക്കയൊന്നു തിന്നണം
വഴിയിലെ കിണറിലെ പച്ചവെള്ളം കുടിച്ചു മധുരിക്കേണം
പകലിൽ നീളം മാറും നിഴലിനെ കണ്ടു രസിക്കണം
നിലാവിലോളങ്ങൾ തിളങ്ങും കായൽക്കരയിൽ ഇരിക്കണം
വഴിയിൽ കാണും പരിചയക്കാരോടൊക്കെ കുശലം ചൊല്ലണം
ഉത്സവങ്ങൾ കൊണ്ടാടുന്നൊരു പുരുഷാരത്തിൽ നിൽക്കണം
മതിലുകളില്ലാ അയലുകൾ തോറും കയറിയിറങ്ങി നടക്കണം
മനുഷ്യസ്നേഹത്തിന്റെ മധുരം നുകർന്നിരിക്കാൻ മോഹം
നാട്ടുവഴികളിലൂടെ നാട്ടുവഴികളിലൂടെ
വീണ്ടുമൊന്നു സഞ്ചരിക്കാനെന്റെയുള്ളിൽ മോഹം .