കാറിൽ ചാരി നിന്ന തിന്റെ പേരിൽ വെറും ആറു വയസ്സു മാത്രം പ്രായമുള്ള ഒരു ബാലന്റെ നടുവ് ചവുട്ടി ഒടിക്കുന്നത് ഒരു മനുഷ്യർക്കും ചേർന്ന പ്രവൃത്തിയല്ല.
ഒരു കൗതുകത്തിന്നാ കാറിന്റെയുള്ളിലേയ്ക്കൊന്നു നോക്കി
ഒരു കൗതുകത്തിന്നാ കാറിന്മേലവനൊന്നു ചാരി നിന്നു
വെറും ആറു വയസ്സുള്ളോരവന്റെ ഉള്ളിലോ
അതൊരു തെറ്റാണെന്നൊട്ടുമേ തോന്നിയില്ല.
മുഷിഞ്ഞ കുപ്പായവും ഒട്ടിയ വയറും
ചെമ്പിച്ച മുടിയും തെരുവുജീവിതവും അവന് സ്വന്തമത്രേ.
ഒരു ചാൺ വയറു നിറയ്ക്കുവാൻ വേണ്ടി
ബലൂൺ വിൽപ്പന നടത്തി നടക്കുന്നവന്റെ
നടുവിനു ചവിട്ടി അകറ്റിയതെന്തേ
അവനും ഒരു മനുഷ്യക്കുഞ്ഞു തന്നല്ലേ ?
പണത്തിന്റെ പകിട്ടിനാൽ മിന്നുന്ന കുപ്പായമില്ലാത്തതിനാലാണോ
എന്തു ചെയ്താലും ചോദിക്കാനും പറയാനും ആരുമില്ലാത്തതിനാലാണോ
വെറുമൊരു തെരുവു ബാലനായതാണോ
എന്താണവൻ ചെയ്ത കുറ്റം
അവനും ഒരു മനുഷ്യക്കുഞ്ഞു തന്നല്ലേ ?
ദൈന്യത മുറ്റി നിൽക്കുന്നൊരാ കണ്ണുകളിൽ
നിഷ്ക്കളങ്കത നിങ്ങൾ കണ്ടതില്ലേ
ഒട്ടിയ വയറിലെ വിശപ്പിന്റെ വിളിയുടെ
ഇരമ്പൽ നിങ്ങൾ കേട്ടതില്ലേ
ശരിയേത് തെറ്റേതെന്നു തിരിച്ചറിയാത്തൊരാ
ബാല്യത്തിൻ നടുവു ചവിട്ടിയൊടിച്ചതെന്തേ
സമൂഹമേ നീ ലജ്ജിക്ക
മനുഷ്യത്വം അന്യമായ് തീർന്നുവോ ഇന്നിവിടെ
അവനും ഒരു മനുഷ്യക്കുഞ്ഞു തന്നല്ലേ ?