എനിക്കുമുണ്ടായിരുന്നൊരു ബാല്യം
മഴ നനഞ്ഞോടിക്കളിച്ച ബാല്യം
വീട്ടിൽ വിരുന്നുകാരെത്തുമ്പോൾ കിട്ടുന്ന
നാണയത്തുട്ടു കാത്തിരുന്ന ബാല്യം.
വിശപ്പിന്റെ പാട്ടുകൾ കേട്ടുകേട്ടങ്ങ്
പാതി മയങ്ങിയ രാവുകളെത്രയോ
അമ്മ തൻ കണ്ണീരും അച്ഛന്റെ വിങ്ങലും
വീർപ്പുമുട്ടിച്ചൊരാ ബാല്യകാലം.
ചോരുന്ന ഓലക്കൂരയ്ക്കു കീഴിൽ
സ്വർഗ്ഗങ്ങളെത്രയോ സ്വപ്നം കണ്ടു
ആഗ്രഹം പലതും ഉള്ളിലൊതുക്കി
എല്ലാം മറന്ന് ചിരിച്ച ബാല്യം.