എവിടെനിന്നോ വന്നു എവിടേക്കോ പോകുന്നു
ഇടയിൽ നാം കെട്ടുന്നു ജീവിത വേഷങ്ങൾ
ഇടയിലായ് വീണു കിട്ടുന്നൊരാ നിമിഷങ്ങൾ
അന്യന്റെ കണ്ണുനീരൊപ്പുവാനല്ലയോ.
കൺകളില്ലാത്തവർക്ക് കണ്ണുകളാകണം
കാതില്ലാത്തവർക്ക് കാതുകളാകണം
കാലില്ലാത്തോർക്ക് കാലുകളാകണം
കൈകളില്ലാത്തോർക്ക് കൈകളായ് തീരണം.
നാവില്ലാത്തോർക്ക് നാവായി മാറണം
വേദനിക്കുന്നോർക്കാശ്വാസമേകണം
രോഗികളായോർക്ക് സാന്ത്വനമേകണം
തുണയില്ലാ പ്പെണ്ണിൻറെ അഭിമാനം കാക്കണം.
മാതൃരാജ്യത്തോടു കൂറുള്ളോരാവണം
മാതാപിതാക്കൾക്ക് തുണയായി മാറണം
പെങ്ങൾക്കെന്നും കാവലായ് തീരണം
ആങ്ങളയ്ക്കെന്നും അഭിമാനമേകണം.
വൃദ്ധ ജനങ്ങളെ കരുതുന്നോനാകണം
കുഞ്ഞു മക്കൾക്ക് വഴികാട്ടിയാകണം
ദൈവ ചിന്ത എന്നുമുള്ളിൽ നിറയണം
ഓരോ ദിനവും കർമ്മോത്സുകരാകണം.
എരിയുന്ന വേനലിൽ തണലായി മാറണം
ചൊരിയുന്ന മഴയിൽ കുടയായി മാറണം
തകരുന്ന മനസ്സോടെ ജീവിതച്ചൂളയിൽ
അമരുന്നോർക്ക് നീ രക്ഷകനാകണം.
ഒരു കുഞ്ഞു ജീവിയോടും പക വേണ്ട
ഒരു പുൽക്കൊടിയെപ്പോലും മാനിക്ക
ഒരു ജീവിയെപ്പോലും നോവിക്കരുത്
നാളെ നമുക്കെന്തു വരുമെന്നറിയില്ല.
ഒന്നും നമുക്കിവിടെ സ്വന്തമാക്കാനില്ല
മരണപ്പെടുമ്പോൾ കൊണ്ടോകാനുമാവില്ല
ഇടയിൽ കിട്ടുന്ന ജീവിത നിമിഷങ്ങൾ
കരുണയും സ്നേഹവും നൽകി ആഘോഷിക്കാം.
അറിയാതെ പറയുന്ന ഒരു വാക്കു പോലും
ആരെയും വേദനിപ്പിക്കരുതേ
ഒടുവിലൊരു മൺകൂന പോലുമാകാതെ
കാലയവനികയ്ക്കുള്ളിൽ മറഞ്ഞവരെത്രയോ .
ശേഷിപ്പു മറ്റൊന്നുമില്ലാതെ പോകുമ്പോൾ
എന്തിനീ വെട്ടിപ്പിടിച്ചിലും പകകളും
തിരികെ വരാത്തൊരാ യാത്രയ്ക്കു മുമ്പ്
ചുറ്റുമുള്ളോർക്ക് നീ കനിവേകണം
ഈ ജീവിതം ക്ഷണികമാണെന്നോർക്കുക.