മറ്റുള്ളവരുടെ മേൻമകളിലും പദവികളിലും കണ്ണും നട്ടിരിക്കുന്ന മനുഷ്യന്റെ മനസ്സ് എന്നും അസ്വസ്ഥമായിരിക്കും. എന്നാൽ അവനവന്റെ കഴിവുകൾ തിരിച്ചറിഞ്ഞ് ജീവിച്ചാൽ ഈ ജീവിതം സന്തോഷപ്രദമാക്കാം.
കുഞ്ഞിലെ അച്ഛനെ കാണുമ്പോളോർത്തു ഞാൻ
വലുതാവുമ്പോളച്ഛനെപ്പോലാകണം
പിന്നെ ഞാൻ സ്കൂളിലെ ക്ലാസ്സിലിരിക്കുമ്പോൾ
ഓർത്തു ഒരു നല്ല മാഷായി മാറണം.
സിനിമകൾ കണ്ടപ്പോളോർത്തു ഒരു നല്ല
നായകനായി താരപദവിയിൽ എത്തണം
വാർത്തയിൽ മന്ത്രിമാർ മിന്നി മറയുമ്പോൾ
ഓർത്തു ഒരു നല്ല മന്ത്രിയായ് തീരണം.
കാതിനിമ്പം നൽകും പാട്ടുകൾ കേൾക്കുമ്പോൾ
ഒരു ഗായകനായി ജനഹൃദയത്തിലേറണം
ആകാശവീഥിയിൽ പായും വിമാനത്തെ
കാണുമ്പോൾ പൈലറ്റാകുവാൻ മോഹിച്ചു.
കടലു കാണുമ്പോൾ ഉള്ളിലായൊരു മോഹം
ഒരു കപ്പലിൽ ഈ ഉലകൊന്നു ചുറ്റീടണം
അoബരചുംബിയാം കെട്ടിടം കാണുമ്പോൾ
എൻജിനീയറായ് തീരുവാനുള്ളം കൊതിച്ചു.
ആശുപത്രിയിൽ കിടക്കുമ്പോൾ ഓർത്തു
ഒരു നല്ല ഡോക്ടറായ് ആതുര സേവനം ചെയ്യണം
ഒരു കളിക്കാരനെ കാണുമ്പോളോർത്തു ഞാൻ
ലോകമറിയും കളിക്കാരനാകണം.
പുസ്തകം കാണുമ്പോളോർത്തു ഒരു നല്ല
രചയിതാവായി ഈ ലോകം അറിയണം
ലോക സുന്ദരിയെ കാണുമ്പോൾ അറിയാതെയുള്ളിൽ
മൊട്ടിട്ടു മോഹം അതു ഞാനായിരുന്നെങ്കിൽ .
ഒടുവിൽ അറിഞ്ഞു ഞാനാ സത്യമെന്തെന്ന്
ഇതുവരെ ഞാനെന്നെ കണ്ടതില്ല
മറ്റുള്ളവരുടെ മേന്മകൾ കാണുമ്പോൾ
അവനവനിലേക്കൊന്നു നോക്കിയില്ല.
മറ്റുള്ളവരെ പോലാകുവാൻ നോക്കാതെ
അവനവനായി ജീവിച്ചു മുന്നേറിടൂ
ജീവിതം സന്തോഷ സാഗരമാകുവാൻ
അവനവനെത്തന്നെ തിരിച്ചറിയൂ .