വടക്കാഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെ എസ് ആർ ടി സി ബസിനു പിന്നിലിടിച്ചുണ്ടായ അപകടത്തിൽ കള്ളു വണ്ടി നടത്തിയ രക്ഷാ പ്രവർത്തനം പ്രശംസനീയം തന്നെ.
കള്ളുമായി റോഡിലൂടെ പാഞ്ഞു നടക്കുമ്പോൾ
കള്ളു വണ്ടി എന്ന വിളിപ്പേരെനിക്ക് കിട്ടി
അന്നും പതിവു പോലെ ഞാൻ ഡ്യൂട്ടി ചെയ്തിടുമ്പോൾ
എൻ കാതിലെത്തി ദൂരെ നിന്നും കൂട്ടനിലവിളികൾ
കള്ളുപേക്ഷിച്ചോടിയെത്തി ഒട്ടും മടിയാതെ ഞാൻ
അടുത്തു ചെന്നു നോക്കിടുമ്പോൾ കണ്ട കാഴ്ച്ച ഭീകരം
അപകടത്തിൽ കീറിപ്പോയ ബസുകൾക്കുള്ളിലായ്
ചിതറിപ്പോയ മാംസവും ചോര തന്റെ ഗന്ധവും
കൈയറ്റവർ പിന്നെ കാലറ്റവർ പിന്നെ
എല്ലൊടിഞ്ഞവർ ഒക്കെ ചോരയിൽ കുളിച്ചവർ
ജീവനറ്റവർ പിന്നെ ബോധമറ്റവർ ഒടുവിൽ
വേദനയും ഞരങ്ങലും ആർത്തനാദങ്ങളും
ജീവരക്ഷയ്ക്കായ് കേണു വിലപിക്കുന്നു പലവരും
കൂടെയിരുന്നോരെവിടെ എന്നറിയാതുഴറി ചിലർ
എന്തുപറ്റിയെന്നറിയാതുള്ളിൽ ഭയമോടെ
രക്ഷിക്കണേ എന്നു കേണു യാചിക്കുന്നു മറ്റു ചിലർ
മുന്തിയ വണ്ടികൾ ആ വഴി പാഞ്ഞു പോയ്
തിരിഞ്ഞൊട്ടും നോക്കിയില്ല ആർത്തനാദം കേട്ടതില്ല
പിന്നെ പരിക്കേറ്റവരേം കൊണ്ടു പാഞ്ഞു ഞാനൊരു
ആശുപത്രി തേടി ജീവന്റെ രക്ഷയേകിടാൻ
ആർക്കു ഗതികേടു വരും ആരു തുണയായി വരും
എന്ന സത്യമിന്നു നമുക്കറിയുവാൻ കഴിയുകില്ല
ജീവനെക്കാളേറെ വില ഒന്നിനും ഇല്ലെന്ന
സത്യമോതി കള്ളു വണ്ടി ചെയ്തു രക്ഷാപ്രവർത്തനം.