രാജ്യത്തിനായ് ജീവത്യാഗം ചെയ്ത ധീരസൈനികർക്ക് പ്രണാമം
വന്ദേമാതരം
വിട പറയുവാൻ മനസ്സില്ല ഞങ്ങൾക്ക്,
ഈ ഭാരതാംബയെ സേവിച്ചു മതിയായില്ല ഞങ്ങൾക്ക്,
ഒടുവിലെ ശ്വാസവും ഉള്ളിലേയ്ക്കെടുക്കുമ്പോൾ,
‘വന്ദേമാതരം” മാത്രമേ ഉള്ളിൽ ഉള്ളൂ.
തീഗോളമായ് ഞങ്ങൾ നിപതിക്കുമ്പോഴും,
ഒരു തുള്ളി ദാഹജലം പോലും കിട്ടിയില്ലെങ്കിലും,
സ്വന്തം രാജ്യത്തിനായ് ഉഴിഞ്ഞു വച്ചൊരീ ജീവിതം,
ഈ ഭാരത മണ്ണിൽ തന്നെ അലിയേണം എന്നുള്ളതാണഭിലാഷം.
നിങ്ങളുടെ രക്ഷക്കുവേണ്ടിയല്ലേ ഞങ്ങൾ,
ഊണും ഉറക്കവുമില്ലാതെ കാവലായ് നിന്നത്,
പൂക്കളർപ്പിക്കാൻ കഴിഞ്ഞില്ല എങ്കിലും,
അധിക്ഷേപിക്കരുതിനിയെങ്കിലും ഞങ്ങളെ .
തളരാതെ പോരാടാൻ ധൈര്യമേകിയോർക്കിടയിൽ,
ദേശീയപതാക പുതപ്പിച്ച് ഞങ്ങളെ കിടത്തുമ്പോൾ,
അശ്രു പുഷ്പങ്ങളർപ്പിക്കരുത് നിങ്ങളാരും,
പകരമീ ഭാരതാംബയെ കൈയുയർത്തി സല്യൂട്ട് ചെയ്തീടണം.
കാലചക്രം മെല്ലെ ഉരുണ്ടങ്ങ് പോയിടുമ്പോൾ,
ഈ ചിതകളിൽനിന്നായിരങ്ങളായ് ഉയിർത്തെഴുന്നേൽക്കുo ഞങ്ങൾ,
ഈ ഭാരത മണ്ണിന്റെ കാവൽഭടന്മാരായ് നിൽക്കുവാൻ,
“വന്ദേമാതരം” ചൊല്ലി വീണ്ടും നിൽക്കുവാനുള്ളിൽ മോഹം .