Iniyenthu – ഇനിയെന്ത്

പ്രകൃതിക്ഷോഭങ്ങളിൽപ്പെട്ട് എല്ലാം നഷ്ടമായിട്ട് അവശേഷിക്കുന്നവരുടെ അവസ്ഥ വളരെ പരിതാപകരമാണ് എന്ന സത്യം നാം മനസ്സിലാക്കണം

ഇനിയെന്ത്?

നല്ല മനോഹരമായ ഒരു ഗ്രാമം . മലയുടെ മുകളിൽ നിന്നും വെള്ളിനൂൽ പോലെ കുണുങ്ങിയൊഴുകുന്ന അരുവി. പച്ചപ്പുമൂടിയ മലനിരകൾ . അവിടവിടെയായിപഞ്ഞിക്കെട്ടുകൾ പോലെ മലകളെ മുട്ടിയുരുമ്മി നില്ക്കുന്ന വെൺമേഘങ്ങൾ . സൂര്യൻ ഉദിച്ചു വരുമ്പോൾ മഞ്ഞുകണങ്ങൾ പതിയെ യാത്ര ചൊല്ലുകയായിരുന്നു
അധികനാളായില്ല ഇവിടെ സ്ഥലം വാങ്ങി വീട് വെച്ചിട്ട് . ബാങ്കിൽ നിന്നും ലോണെടുത്താണ് വീട് വച്ചത്. നാട്ടിൽ കൂലിപ്പണിക്ക് പോയിരുന്ന അയാൾക്ക് ലോണടയ്ക്കാൻ പ്രയാസം ആയി . അങ്ങനെ ഒടുവിൽ ഒരു സുഹൃത്ത് മുഖേന ഗൾഫിൽ ജോലി ശരിയാക്കി. ഡ്രൈവിങ്ങ് അറിയാവുന്നതുകൊണ്ട് ഡ്രൈവർ ആയിട്ടാണ് ജോലി ലഭിച്ചത്. ഗൾഫിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകളെല്ലാം നടത്തി. എങ്കിലും അമ്മയെയും ഭാര്യയെയും മക്കളെയും വിട്ടുപോകാൻ അയാൾക്ക് വല്ലാത്ത പ്രയാസമായിരുന്നു. ഇക്കാലത്ത് മൊബൈൽഫോൺ ഉള്ളതുകൊണ്ട് കുഴപ്പമില്ല വീഡിയോ കോൾ വഴി എന്നും വീട്ടുകാരുമായി സംസാരിക്കാം. അത് വലിയൊരു ആശ്വാസമായിരുന്നു. അങ്ങനെ അയാൾ ഗൾഫിലേക്ക് വിമാനം കയറി. ഇപ്പോൾ രണ്ടു കൊല്ലമായി നാട്ടിൽ പോയിട്ട്. എങ്കിലുo എന്നും ജോലി കഴിഞ്ഞ് അയാൾ വീട്ടിലേക്ക് വിളിക്കും അമ്മയോടും ഭാര്യയോടും മക്കളോടും സംസാരിക്കുന്നതിനിടയിൽ അയാൾ ടോമിയെയും കിങ്ങിണിയെയും തിരക്കും. അയാൾ ഓമനിച്ചു വളർത്തിയിരുന്ന താണ് അവരെയൊക്കെ . കുഞ്ഞുങ്ങൾ ടോമിയെയും കിങ്ങിണിയെയുമൊക്കെ അയാൾക്ക് കാണിച്ചു കൊടുക്കും.
ടോമീ …..എന്ന് വിളിക്കുമ്പോൾ അവൻ കുരയ്ക്കുകയും വാലാട്ടുകയും ചെയ്യും. കിങ്ങിണീ…….. എന്ന് വിളിക്കുമ്പോൾ ആ ആട് വിളികേൾക്കും ചെവികൾ കുലുക്കും കഴുത്തിലെ മണി കിലുക്കും. അവർ രണ്ടുപേരുംകുഞ്ഞുങ്ങൾക്ക് കൂട്ടുകാരെ പോലെയാണ് എപ്പോഴും കുട്ടികൾ അവരോടൊപ്പമാണ് കളി.
അന്നും പതിവുപോലെ അയാൾ വീട്ടിലേക്ക് വിളിച്ചു. മക്കൾ കിലുകിലെ ഫോണിലൂടെ സംസാരിക്കുകയായിരുന്നു. വിശേഷങ്ങൾ എത്ര പറഞ്ഞിട്ടും തീരുന്നില്ല. വീട്ടുമുറ്റത്തേയ്ക്കിഴഞ്ഞു വന്ന പാമ്പിനെ ടോമി കടിച്ചു കൊന്നതും മതിലിനു മുകളിലേക്ക് കാലുയർത്തി വച്ച് അപ്പുറത്തുകാരുടെ പ്ലാവില കിങ്ങിണി കട്ടു തിന്നതും ഒക്കെ പറഞ്ഞു . പിന്നെ കിങ്ങിണിയുടെ കുഞ്ഞുങ്ങളൊക്കെ പാലുകുടിച്ചു തുള്ളിച്ചാടി നടക്കുന്നതും ഒക്കെ അവർ വീഡിയോ കോളിലൂടെ അച്ഛനെ കാണിച്ചു കൊടുത്തു.
“എനിക്ക് എല്ലാ വിഷയത്തിനും എപ്ലസ് കിട്ടിയച്ഛാ”മൂത്തവൾ പറഞ്ഞു.
“മിടുക്കി, നന്നായി ഇനിയും പഠിക്കണം കേട്ടോ , നിങ്ങൾ പഠിച്ചൊരു നിലയിലെത്തിയിട്ട് വേണം അച്ഛന് ഈ മണലാരണ്യത്തിൽ നിന്ന് നാട്ടിൽ വന്ന് നിങ്ങളോടൊപ്പം താമസിക്കാൻ. ഇവിടെ ഈ ഡോർമിറ്ററിയിലെ ഒന്നിനു മേൽ ഒന്നായുള്ള ഇടുങ്ങിയ കിടക്കകളിലൊന്നിൽ ചുരുണ്ടു കൂടിയിട്ട് ഇപ്പോൾ വർഷം രണ്ടായില്ലേ. നാട്ടിൽ നിങ്ങളോടൊപ്പം നമ്മുടെ ആ കൊച്ചു വീട്ടിൽ ഒതുങ്ങിക്കൂടാനാ അച്ഛനിഷ്ടം. അതിനാൽ എന്റെ മക്കൾ എളുപ്പം പഠിച്ചൊരു നിലയിലെത്തണം കേട്ടോ.ഇളയവളെക്കൂടെ പഠിക്കാൻ നീ സഹായിക്കണേ.” അയാൾ പറഞ്ഞു
“എന്താ ടോമി ഇത്ര ഉച്ചത്തിൽ കുരയ്ക്കുന്നത് ” ടോമിയുടെ കുര ഉച്ചത്തിൽ ഫോണിലൂടെ അയാൾക്ക് കേൾക്കാമായിരുന്നു.
“ഇവിടെ നല്ല മഴയാ അച്ഛാ കിങ്ങിണിയും കുഞ്ഞുങ്ങളും അങ്ങുദൂരെയുള്ള പറമ്പില്ലേ അവിടെ പോയി നനഞ്ഞുകൊണ്ട് നിൽക്കുകയാ അതുകൊണ്ടാ ടോമി കുരയ്ക്കുന്നത്. ടോമി ഇപ്പോൾ അവരെ കൂട്ടാൻ അങ്ങോട്ട് പോവുകയാ .
മഴവെള്ളം വീട്ടുമുറ്റത്തേക്ക് ഒഴുകി വരുന്നത് കണ്ട് കുട്ടികൾ കടലാസ് വള്ളം ഉണ്ടാക്കി വെള്ളത്തിൽ ഒഴുക്കിവിടുന്നത് അയാൾക്ക് കാണിച്ചു കൊടുത്തു. അതു കണ്ടപ്പോൾ അയാൾക്ക് സന്തോഷമായി.
“മക്കളെ മഴ നനയരുത് കേട്ടോ പനി പിടിക്കും.”അയാൾ സ്നേഹപൂർവ്വം ശാസിച്ചു.
“അച്ഛാ ദേ കണ്ടോ അപ്പുറത്തെ ഫസീനയും മേരിയും കൂടെ വന്നു കളിക്കാൻ” രശ്മി യും വീണയും അവരെയും വീഡിയോയിലൂടെ അച്ഛന് കാണിച്ചു കൊടുത്തു. അയാൾ അവരോടും കുശലം പറഞ്ഞു.
ഇനി ഫോൺ അമ്മയ്ക്ക് കൊടുക്കാം. എന്നു പറഞ്ഞ് ഫോൺ അമ്മയക്ക് കൊടുത്തിട്ട് അവർ കൂട്ടുകാർക്കൊപ്പം കളിക്കാൻ പോയി.
അയാൾ ഭാര്യയോടും അമ്മയോടും സംസാരിച്ചു കഴിഞ്ഞു ഫോൺ വച്ചു.
ഒരു കർട്ടൻ ഇട്ട പോലെ പോലെ മേൽക്കൂരയിൽ നിന്നും ഒഴുകി വീഴുന്ന മഴയിൽ കൈകൾ ഇളക്കി ആ മഴത്തുള്ളികളുടെ തണുപ്പ് ആസ്വദിച്ച് അവർ നാലുപേരും വരാന്തയിൽ കളിച്ചുകൊണ്ടിരുന്നു.
പെട്ടെന്ന് മഴയുടെ മട്ടും ഭാവവും എല്ലാം മാറി. മഴ കനത്തു. മുകളിൽ നിന്നും മുറ്റത്തു കൂടെ ഒഴുകിക്കൊണ്ടിരുന്ന വെള്ളത്തിൻറെ നിറവും ഭാവവുമെല്ലാം മാറി. പെട്ടെന്ന് മലമുകളിൽ നിന്ന് വലിയ ഒരു ശബ്ദം കേട്ടു. ഉരുൾപൊട്ടിയ ശബ്ദമായിരുന്നു അത്. അടർന്നുവീണ പാറയും മണ്ണും വെള്ളവും എല്ലാം ഒരു ഹുങ്കാരശബ്ദത്തോടെ ആ വീട്ടിലേക്ക് പതിച്ചു . ഒന്ന് ഓടി രക്ഷപ്പെടാൻ പോലും ആർക്കും സമയം കിട്ടിയില്ല . എല്ലാവരും ആ മണ്ണിനടിയിൽ ആയിപ്പോയി . കുട്ടികൾ ഭയം കാരണം പരസ്പരം കെട്ടിപ്പിടിച്ചു അപ്പോഴേക്കും മൊത്തം മണ്ണും ചെളിയും കൊണ്ട് മൂടപ്പെട്ടു കഴിഞ്ഞിരുന്നു. ആ ആർത്തനാദങ്ങളും നിലവിളികളുമൊന്നും ആരും കേട്ടില്ല.
ആ കുരുന്നുകളും അവരുടെ അമ്മയും അമ്മൂമ്മയും എല്ലാം ഒറ്റ നിമിഷം കൊണ്ട് മണ്ണിനടിയിൽ ആയി. മഴ വീണ്ടും തകർത്തു ചെയ്യുകയായിരുന്നു . വീണ്ടും വീണ്ടും ഉരുൾപൊട്ടി മരങ്ങളും പാറകളും കല്ലും മണ്ണും എല്ലാം കൊണ്ട് ആ പ്രദേശമാകെ മൂടപ്പെട്ടു. അപ്പുറത്തെ പറമ്പിൽ മഴയിൽ നനഞ്ഞൊലിച്ച് കിങ്ങിണിയും ടോമിയും നിലവിളിച്ചു കരഞ്ഞു . പക്ഷേ എല്ലാം ആ മഴയിലും ഇരുട്ടിലും മുങ്ങിപ്പോയി.രാവിൽ ഇരുട്ടിൽ കറണ്ടില്ല വെളിച്ചമില്ല ഒന്നുമില്ല . ഒറ്റദിവസം കൊണ്ട് പെയ്ത കനത്ത മഴയിൽ റോഡുകളും പാലങ്ങളും എല്ലാം തകർന്നു പോയതിനാൽ രക്ഷാപ്രവർത്തകർക്ക് പോലും അവിടെ എത്തിപ്പെടാൻ കഴിഞ്ഞില്ല.
പിറ്റേദിവസം വളരെ വൈകിയാണ് മണ്ണുമാന്തി യന്ത്രങ്ങളും രക്ഷാ പ്രവർത്തകരും അവിടെ എത്തിയത്. അപ്പോഴും ചന്നം പിന്നം മഴ പെയ്യുന്നുണ്ടായിരുന്നു . രക്ഷാപ്രവർത്തകർ എത്തുമ്പോൾ ടോമിയും കിങ്ങിണിയും അവരുടെ ഉടമസ്ഥരെ തിരഞ്ഞു ആ മൺകൂനയിൽ പരതുന്നുണ്ടായിരുന്നു. രക്ഷാപ്രവർത്തകരെ കണ്ടതും ടോമി കുരച്ചുകൊണ്ട് മുകളിലേക്ക് ഓടി ആ വീട് നിന്ന സ്ഥലത്തെ മൺകൂനയിൽ ചെന്നുനിന്നു . രക്ഷാപ്രവർത്തകർ അവിടം കുഴിച്ചു . പിന്നീട് കണ്ടത് കരളലിയിക്കുന്ന കാഴ്ചകളായിരുന്നു. രണ്ടാൾ പൊക്കത്തിലെ ചെളി മാറ്റിയപ്പോൾ നാല് മൃതദേഹങ്ങൾ കിട്ടി. നാലും കുട്ടികളുടേത്. പരസ്പരം കെട്ടിപ്പിടിച്ച് കിടക്കുന്ന നിലയിലായിരുന്നു രശ്മിയും വീണയും യും ഹസീനയും മേരിയും. അത് കണ്ടു ടോമി കുരച്ചു കൊണ്ടേയിരുന്നു.വീണ്ടും അവൻ താഴേക്ക് ഓടി അവിടം കുഴിച്ചു നോക്കിയപ്പോൾ അമ്മയുടെചെളിപുരണ്ട ജഡം കിട്ടി. വീണ്ടും അവൻ കുരച്ചുകൊണ്ട് നദിയുടെ അടുത്തേക്ക് ഓടി അവിടെ നദിയുടെ കുത്തൊഴുക്കിൽ ഒരു മരക്കൊമ്പിൽ തടഞ്ഞു അമ്മുമ്മയുടെ ജഡവും കണ്ടെടുത്തു . ജലപാനം പോലുമില്ലാതെ ടോമിയും കിങ്ങിണിയും കരഞ്ഞു കൊണ്ട് നടക്കുന്നത് കാഴ്ചക്കാരുടെ കണ്ണുകളെ ഈറനണിയിച്ചു.
പെട്ടെന്നുതന്നെ ഈ വാർത്ത മാധ്യമങ്ങളിൽ പരന്നു. ഗൾഫിൽ നിന്നും അയാൾ വീട്ടിലേക്ക് വിളിച്ചു. ഫോൺ അടിക്കുന്നില്ല. അയാൾക്ക് അപകടം മണത്തു. ആരോഫോണിൽ അയച്ചുകൊടുത്ത വീഡിയോ അയാൾ ഒന്നുകൂടെ നോക്കി . ഉരുൾപൊട്ടി കുത്തിയൊലിച്ച് മണ്ണും വെള്ളവും ചെളിയും മാത്രം എത്രയോ ദൂരങ്ങൾക്കിപ്പുറം മണലാരണ്യത്തിൽ കിടന്നു കഷ്ടപ്പെട്ടുണ്ടാക്കിയ ഒരായുഷ്ക്കാല സമ്പാദ്യവും ഉറ്റവരും ഉടയവരും എല്ലാം നിമിഷാർദ്ധത്തിനുള്ളിൽ മൺകൂനയിൽ അകപ്പെട്ട ദൃശ്യങ്ങൾ അയാളെ വല്ലാതെ വേദനിപ്പിച്ചു. ആ ദൃശ്യങ്ങൾ കണ്ടു അയാൾ ചങ്ക് പൊട്ടി കരഞ്ഞു . എല്ലാ സ്വപ്നങ്ങളും തകർന്നു വെറുമൊരു മൺകൂന മാത്രം ആയിപ്പോയല്ലോ. അയാൾ പൊട്ടി പൊട്ടി കരഞ്ഞു.
ഇനി താൻ മാത്രമായി എന്തിന്?
അയാളുടെ ആ ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയാതെ ചുറ്റും കൂടിയവർ എല്ലാം വിറങ്ങലിച്ചു നിന്നു .

Leave a Comment

Your email address will not be published. Required fields are marked *