അടിക്കടിയുണ്ടാക്കുന്ന പ്രകൃതി ദുരന്തങ്ങളിൽ വിഷമം കൊള്ളുന്ന ഭൂമിയുടെ വേദന നമ്മൾ മനുഷ്യർ മനസ്സിലാക്കാൻ ഇനിയും വൈകാൻ പാടില്ല.
അത്യുഷ്ണം ,പ്രളയം , കാട്ടുതീ ,ഭൂചലനം, സുനാമി , മണ്ണിടിച്ചിൽ, ചുഴലിക്കാറ്റ്, വരണ്ടുണങ്ങി കിടന്നു വെള്ളത്തിൻറെ കണികപോലും എത്തിനോക്കാതിരുന്ന സ്ഥലങ്ങളിൽ പ്രളയം,ഐസ് മൂടി കിടന്ന സ്ഥലങ്ങളിൽ ഇരുമ്പു മേൽക്കൂരകൾ വരെ ഉരുകുന്ന ചൂട് .
“ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ നീ എന്തൊരു മാറ്റമാണ് നിനക്ക്, എങ്ങനെ മനുഷ്യനും മറ്റു ജീവജാലങ്ങളും നിന്നിൽ ഇനി ജീവിക്കും?” ഭൂമിയുടെ മാറ്റം കണ്ടു സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങൾ ഭൂമിയോട് ചോദിച്ചു.
“ഞാനെന്തു ചെയ്യാനാ, കുറെ നാളായി ഞാൻ ഇങ്ങനെ നീറി കൊണ്ടിരിക്കുവാ . നല്ല ബുദ്ധിയുള്ള ഉള്ള മക്കൾ വേണമെന്ന എൻറെ ആഗ്രഹം നടന്നു . പക്ഷേ ഇപ്പോൾ അവരുടെ ചെയ്തികൾ എന്നെ വല്ലാതെ വ്രണപ്പെടുത്തുന്നു. ഭൂമി തേങ്ങി .
തെളിച്ചു പറ ഞങ്ങൾക്ക് മനസ്സിലാവുന്നില്ല. ആര് എന്തു ചെയ്തുവെന്നാ നീ ഈ പറയുന്നത്? ഗ്രഹങ്ങൾ സംശയം ഉന്നയിച്ചു.
ആരെന്നോ ഈ മനുഷ്യർ തന്നെ. അല്ലാതെ ആരാ? ഭൂമിക്ക് സങ്കടം ഉള്ളിൽ ഒതുക്കാൻ കഴിഞ്ഞില്ല. മനസ്സിനുള്ളിൽ അതുവരെ അടക്കി വച്ചതെല്ലാം അണപൊട്ടിയൊഴുകി.
നിങ്ങളൊക്കെ വറ്റിവരണ്ടവരല്ലേ ജീവന്റെ ചെറു കണികയെങ്കിലും നിങ്ങളിൽ ഉണ്ടോ എന്നാൽ ഞാനോ, എത്ര നല്ല കാലാവസ്ഥ, വെള്ളം, വായു ,വൈവിധ്യമാർന്ന ജീവജാലങ്ങൾ ഇതൊക്കെ എൻറെ മാത്രം സ്വന്തം അല്ലേ . ഇതൊക്കെ സൃഷ്ടികർത്താവ് എനിക്കുമാത്രം തന്ന അനുഗ്രഹങ്ങൾ അല്ലേ. എല്ലാ ജീവജാലങ്ങളും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചോട്ടെ എന്നു കരുതിയല്ലേ ഇത്ര നല്ല ഭൂപ്രകൃതി എന്നിൽ നിറച്ചു വച്ചിരിക്കുന്നത്.
“അതെ , അതു ശരിയാ, അത് ഞങ്ങൾക്ക് അറിയാവുന്നതല്ലേ നീ കാര്യം തെളിച്ചു പറ . എന്നാലല്ലേ കാര്യങ്ങൾ ഞങ്ങൾക്ക് ശരിക്ക് മനസ്സിലാവൂ.”
അതല്ലേ ഞാൻ ഈ പറഞ്ഞു വരുന്നത്. ഈ മനുഷ്യരുടെ ചെയ്തികൾ കാരണം ഈ കാലാവസ്ഥയെ ഒന്നും എനിക്ക് നിയന്ത്രിക്കാൻ പറ്റുന്നില്ല. ഇപ്പോൾ ഋതുക്കൾ ഒക്കെ കാലം തെറ്റിയാ വരുന്നത് . ധ്രുവപ്രദേശങ്ങളിലെ മഞ്ഞിനെയൊക്കെ ഞാൻ ആവുന്നത് പിടിച്ചുനിർത്താൻ നോക്കി , പക്ഷേ പറ്റുന്നില്ല. ഈ മനുഷ്യർ, വ്യവസായവൽക്കരണവും നഗരവൽക്കരണവും നടത്തി ഇപ്പോൾ സൂര്യതാപം എന്നിൽ കൂടുതലായിട്ട് ഞാൻ നിന്ന് വെന്തുരുകുവാ . ആ ചൂടിലാ ഈ മഞ്ഞൊക്കെ ഉരുകുന്നേ. അങ്ങനെ സമുദ്രനിരപ്പ് ഇപ്പോൾ ക്രമാതീതമായങ്ങുയരുവാ . ക്രമേണ ഈ സുന്ദരമായ കരയൊക്കെ കടലെടുക്കും . ഇതുകേട്ടപ്പോൾ എല്ലാവരും ഒരു കുറ്റവാളിയെപ്പോലെ സൂര്യനെ നോക്കി.
“ഞാനെന്തു ചെയ്യാനാ, ഞാൻ എല്ലായ്പ്പോഴും കൊടുക്കുന്ന ചൂടേ ഭൂമിക്ക് നൽകുന്നുള്ളൂ. ആ ചൂടില്ലെങ്കിൽ ജീവജാലങ്ങൾ നിലനിൽക്കില്ലല്ലോ . അല്ലെങ്കിൽ എല്ലാം തണുത്തുറഞ്ഞു പോവില്ലേ. അവളുടെ പുതപ്പിൽ തുളകൾ വീണും കട്ടി കുറഞ്ഞും പോയതു കൊണ്ടാ ചൂട് താങ്ങാൻ പറ്റാത്തേ. അല്ലാതെ ഞാൻ കൂടുതൽ ചൂട് ഒന്നും കൊടുത്തു അവളെനശിപ്പിക്കാൻ നോക്കിയിട്ടില്ല .” സൂര്യൻ തൻറെ ഭാഗം ന്യായീകരിച്ചു.
“ശരിയാ” ഭൂമിയും അത് സമ്മതിച്ചു . ഭൂമി തുടർന്നു.
എല്ലാം സന്തുലിതാവസ്ഥയിൽ പോകണമെന്നാ എൻറെ ആഗ്രഹം . അതിനു വേണ്ടി ഞാൻ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരുന്നു. ചൂട് കുറയ്ക്കാനും വായു ശുദ്ധമാക്കാനും ഒരുപാട് പച്ച കുടകൾ, അതായത് മരങ്ങൾ , എൻറെ പ്രതലത്തിൽ ഞാൻ വളർത്തിക്കൊണ്ടുവന്നു , കണ്ടില്ലേ ഈ മനുഷ്യർ അതെല്ലാം വെട്ടി നിരത്തി കോൺക്രീറ്റ് മരങ്ങൾ പണിതു വച്ചിരിക്കുന്നത്. ഈ മരങ്ങളുടെ വേരുകൾ എൻറെ മണ്ണിനെ പിടിച്ചുനിർത്തി എനിക്ക് ബലം തരികയും മണ്ണിനു മുകളിലെ മരങ്ങളുടെ ഭാഗങ്ങൾ വായുവിനെ ശുദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഈ കോൺക്രീറ്റ് മരങ്ങളുടെ ഭാരം ചുമന്ന്ചുമന്ന് ഞാൻ തളരുകയാണ്.
ഈ കോൺക്രീറ്റ് മരങ്ങൾ പണിയാൻ വേണ്ടി ഈ മനുഷ്യർ എൻറെ ദുർബല ഭാഗങ്ങൾ സംരക്ഷിക്കുകയും വെള്ളം ശേഖരിച്ചു വയ്ക്കുകയും ചെയ്യുന്ന പാറകളും കുന്നുകളും ഒക്കെ ഇടിച്ചുനിരത്തി . അതിനാൽ ഇപ്പോൾ ചെറിയൊരു വേനൽ മതി പച്ച വെൽ വെറ്റിൽ തുന്നിയ എൻറെ കവചങ്ങളായ കൃഷിസ്ഥലങ്ങൾ വിണ്ടുകീറുന്നു, വെള്ളിനൂലുകൾ പോലെ എന്നെ അണിയിച്ചൊരുക്കുന്ന പുഴകൾ വറ്റിവരളുന്നു. അന്നേരം ഞാൻ അനുഭവിക്കുന്ന ആ വേദന ഉണ്ടല്ലോ അതെനിക്ക് പറഞ്ഞറിയിക്കാൻ വയ്യ.
ഇത് കേട്ട് ഗ്രഹങ്ങൾ പരസ്പരം മുഖത്തോടുമുഖം നോക്കി . ഭൂമി തുടർന്നു.
പിന്നെ നിങ്ങൾക്ക് മറ്റൊരു കാര്യം അറിയാമോ ഈ മണ്ണ് തുരന്നു എൻറെ ഹൃദയത്തിലാ ഇവർ അണു പരീക്ഷണങ്ങൾ നടത്തുന്നത്. അത് നടക്കുമ്പോൾ ഉണ്ടല്ലോ ആ പ്രകമ്പനങ്ങളുടെ ശക്തിയിൽ എൻറെ ഹൃദയത്തിന്റെ ഫലകങ്ങൾ വിറക്കുന്നു ‘ ഇപ്പോൾ ആ ഫലകങ്ങൾ വേഗത്തിൽ വേഗത്തിൽ തെന്നിമാറുവാ ഞാനെത്ര താങ്ങി നിർത്തിയിട്ടും ഇപ്പോൾ അവ നിൽക്കുന്നില്ല. അതാ ഭൂചലനങ്ങളും സുനാമി യുമൊക്കെ ഉണ്ടാവുന്നത് . അങ്ങനെ അവരീ കെട്ടിപ്പൊക്കി വച്ചിരിക്കുന്ന തൊക്കെ ഒരു നിമിഷത്തിൽ നശിക്കും.
“ശരിക്കും” മറ്റു ഗ്രഹങ്ങൾ അത്ഭുതംകൂറി.
ഭൂമി വീണ്ടും തുടർന്നു
“പിന്നെ ,എനിക്കീ നീല പരിവേഷം തന്നിരിക്കുന്ന സമുദ്രങ്ങളില്ലേ അവിടെയും ചൂടും മാലിന്യങ്ങളും കൂടിക്കൂടി ഇപ്പോൾ അതിനകത്തെ ജീവജാലങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയായി. പലതും ചത്തു ചത്തു കരയിൽ അടിയുവാ, ബാക്കിയുള്ളവ പ്രാണരക്ഷാർത്ഥം നിലവിളിച്ച് ഓടി നടക്കുവാ.
ഗ്രഹങ്ങൾ വീണ്ടും പരസ്പരം മുഖത്തോട് മുഖം നോക്കി വിഷമിച്ചിരുന്നു.
ഭൂമിക്ക് പറഞ്ഞിട്ട് മതിയാവുന്നില്ല. ഭൂമി വീണ്ടും തുടർന്നു.
പിന്നെ ഞാൻ എൻറെ സ്വന്തമെന്ന് കരുതി താലോലിച്ച് വളർത്തിയിരുന്ന മേഘക്കുഞ്ഞുങ്ങൾ, അവരെയും ഈ മനുഷ്യർ വഴിതെറ്റിച്ചു. ഇപ്പോൾ ഞാൻ പറഞ്ഞാലൊന്നും അവർ കേൾക്കില്ല. ഇപ്പോൾ അവരെ നിയന്ത്രിക്കാൻ എനിക്ക് പറ്റുന്നില്ല .പലസ്ഥലങ്ങളിലും അവർ പോയി മേഘ സ്ഫോടനങ്ങൾ നടത്തുവാ . അതിൻറെ ഫലമായി വെള്ളപ്പൊക്കവും അണക്കെട്ട് തകരലും പതിവായിരിക്കുവാ . എത്രയെത്ര ജീവനുകളാ പൊലിയുന്നത് ,എത്രയെത്ര സുന്ദരമായ സ്ഥലങ്ങളാ.പൊടിപോലും ബാക്കിയില്ലാതെ നാമാവശേഷമാകുന്നത്.
പിന്നെ ഈ മനുഷ്യർ ഉണ്ടല്ലോ അവൻറെ വർഗ്ഗത്തിൽ പെട്ടവരെ തന്നെ പലതരത്തിൽ അധികാരം ഉപയോഗിച്ചും ക്രൂരത കാട്ടിയും ഒക്കെ എൻറെ ഉള്ളിൽ ജീവനോടെയും അല്ലാതെയും കുഴിച്ചിട്ടിട്ടുണ്ട് . ജീവിച്ചു കൊതിതീരാത്ത ആ ആത്മാക്കൾ എൻറെ ഉള്ളിൽ കിടന്ന് ഞരങ്ങുവാ, അവരുടെ ദീനരോദനങ്ങൾ കേട്ട് സഹികെട്ട് ഞാൻ ഇരിക്കുകയായിരുന്നു ,അപ്പോഴാണ് ഏതോ ചില ആൾക്കാർ വന്ന് അവിടെ മാന്തിയത്. ആ ആത്മാക്കളോട് രക്ഷപ്പെട്ടു കൊള്ളാൻ ഞാൻ പറഞ്ഞു. ആ ആത്മാക്കളുടെ ചൂടിൽ ഇപ്പോൾ മഞ്ഞു മൂടിയ ആ സ്ഥലത്ത് ഐസും മഞ്ഞും എന്തിന് ഇരുമ്പു മേൽക്കൂര കപോലും ഉരുകി കൊണ്ടിരിക്കുവാ
പിന്നെ ഇവിടെ ജീവജാലങ്ങൾ പെരുകുമ്പോൾ അത് നിയന്ത്രിക്കാൻ എന്നിൽ സൂക്ഷ്മജീവികൾ ഉണ്ട് . പക്ഷേ ലക്ഷ്യം നേടിക്കഴിഞ്ഞാൽ അവ ആ ഉദ്യമത്തിൽ നിന്ന് നിന്ന് പിൻമാറും . പക്ഷേ ഈ മനുഷ്യർ എന്താ ചെയ്തതെന്നറിയാമോ, അതിൽ ചില സൂക്ഷ്മജീവികളെ പിടിച്ചു അവരുടെ ബുദ്ധി ഉപയോഗിച്ച് ശക്തിപ്പെടുത്തി സൂക്ഷിച്ചു വെച്ചിരിക്കുകയായിരുന്നു, അതിൽ ചിലത് പുറത്തുചാടി. ഇപ്പോൾ അതിനെ നിയന്ത്രിക്കാൻ കഴിയാതെ അവർ കിടന്നു പാടുപെടുകയാ .
ഇങ്ങനെ ഈ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ഒക്കെ ഉണ്ടായിട്ടും അവൻറെ അഹങ്കാരത്തിന് യാതൊരു കുറവുമില്ല. ദയ, അനുകമ്പ, സഹാനുഭൂതി ഇതൊന്നും അവരിൽ പലർക്കും ഇല്ല. ഇതൊക്കെ ഉള്ള ചിലരാകട്ടെ പലരും ജീവിച്ചു മതിയാകാതെ മരണത്തിനു കീഴടങ്ങി.
“എന്തേ എല്ലാം അനുകൂലമാക്കി കൊടുത്തിട്ടും എൻറെ മക്കൾ എന്നെ സ്നേഹിക്കാത്തത് ? ” ഭൂമിയുടെ ആ ചോദ്യത്തിനുത്തരം നൽകാൻ ആർക്കും കഴിഞ്ഞില്ല.
എൻറെ ഒരു ദുർവിധി ,എനിക്കിങ്ങനെ മുന്നോട്ടു പോകാൻ പറ്റില്ല. ഭൂമി തല തല്ലി കരഞ്ഞു.
സാരമില്ല, നീ വിഷമിക്കാതെ . ഈ കഷ്ടപ്പാട് എല്ലാം മാറി പഴയതുപോലെ നല്ലൊരു കാലം വരും. ഈ പ്രപഞ്ച ശക്തി എന്തെങ്കിലും ഒരു പോംവഴി കാണാതിരിക്കില്ല. എല്ലാറ്റിനും ഒരു അവസാനം ഉണ്ടാവില്ലേ. നീ സമാധാനിക്ക്. മറ്റ് ഗ്രഹങ്ങൾ ഭൂമിയെ ആശ്വസിപ്പിച്ചു.
എന്തായാലും കറങ്ങി അല്ലേ പറ്റൂ. ഒരു ദീർഘനിശ്വാസം വിട്ട് വിങ്ങുന്ന മനസ്സുമായി ഭൂമി കറങ്ങിക്കൊണ്ടിരുന്നു. എല്ലാം കലങ്ങി തെളിഞ്ഞു ഒരു നല്ല നാളേക്കായുള്ള പ്രാർത്ഥനയോടെ.