സ്വന്തം സുഖങ്ങളെല്ലാം ത്യജിച്ച് കുടുംബത്തിനു വേണ്ടി മാത്രം ത്യാഗമനുഷ്ഠിക്കുന്ന അച്ഛന്റെ വലിയ മനസ്സ് നമ്മൾ കാണാൻ വൈകരുത്.
പ്രായശ്ചിത്തം
അച്ഛൻ , ആ വാക്ക് കേൾക്കുമ്പോൾ തന്നെ അറപ്പും വെറുപ്പുമാണ് .എന്തിനാണ് തനിക്ക് ഇങ്ങനെ ഒരാൾ .അച്ഛനെക്കുറിച്ച് നേരിയ ഒരു ഓർമ്മയെ തനിക്ക് ഉള്ളൂ. താൻ കുഞ്ഞായിരിക്കുമ്പോൾ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ അച്ഛൻ ലീവിന് വീട്ടിൽ വന്നിരുന്നുള്ളൂ.വരുമ്പോൾ കൈനിറയെ മിഠായിയും പിന്നെ ഉടുപ്പുകളും ഒക്കെ കൊണ്ടുവരുമായിരുന്നു. വളരെ കുറച്ചു ദിവസങ്ങൾ മാത്രമേ അച്ഛൻ വീട്ടിൽ ഉണ്ടാവുകയുള്ളൂ . .ഉടൻതന്നെ ജോലിസ്ഥലത്തേക്ക് തിരിച്ചുപോകും. അതുമാത്രമാണ് നല്ലൊരോർമ്മയായിട്ടുള്ളത്. പിന്നെ താൻ കണ്ടിട്ടേയില്ല.
പിന്നീടുള്ള കാലം തന്നെ വളർത്തിയതും പഠിപ്പിച്ചതുമെല്ലാം അമ്മയായിരുന്നു. അയൽപക്കത്തെ വീടുകളിലും മറ്റുംപണിക്കു പോയാണ് അമ്മ തന്നെ വളർത്തിയിരുന്നത്.പിന്നെ മാസാമാസം അച്ഛൻ ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്നും വരുന്ന മണിയോഡർ .അത് ചെലവിന് എടുക്കില്ല. ആ തുക കൂട്ടിക്കൂട്ടി വെച്ച് അഞ്ചു സെൻറ് സ്ഥലവും ഒരു പഴയ വീടും വാങ്ങിയത് ഈ അടുത്ത കാലത്താണ്. .ആ സ്ഥാപനത്തിലെ വലിയ മനുഷ്യനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
“അച്ഛന് എന്താ പറ്റിയേ അച്ഛൻ എന്താ വരാത്തെ?” പലതവണ ഈ ചോദ്യം അമ്മയോട് ചോദിച്ചിട്ടുണ്ട്. കണ്ണുനീരും തേങ്ങലും മാത്രമായിരുന്നു ഉത്തരം. പിന്നെ അമ്മയെ വിഷമിപ്പിക്കേണ്ട എന്നു കരുതി അങ്ങനെ ചോദിക്കാറില്ല .
ഒരിക്കൽ സ്ക്കൂളിൽ കളിക്കുന്നതിനിടെ കൂട്ടുകാരുമായി വഴക്കു കൂടി . “അല്ലേലും ഒരു കൊലപാതകിയുടെ മോനല്ലേ നീ ,നീ ഇങ്ങനെയല്ലേ ആകൂ.” അവരുടെ ആ കുത്തി പറച്ചിൽ മനസ്സിനെ വല്ലാതെ നോവിച്ചു . അച്ഛനോടുള്ള വെറുപ്പിന്റെ വിത്ത് അന്ന് മനസ്സിൽ പാകി ഇട്ടതാണ് ആണ് . ഇന്ന് വീട്ടിൽ ചെന്ന് അമ്മയോട് ചോദിച്ചിട്ട് തന്നെ കാര്യം.
വീട്ടിൽ ചെന്നപാടെ പുസ്തകം തറയിലേക്ക് വലിച്ചെറിഞ്ഞു .
” ഇനിമുതൽ ഞാൻ സ്കൂളിൽ പോകുന്നില്ല.” എന്നു പറഞ്ഞ് തറയിൽകിടന്ന് ബഹളം വച്ചു.
“അല്ല മോനേ എന്താ കാര്യം? നീ കാര്യം പറ ” അമ്മ വേവലാതിയോടെ ചോദിച്ചു.
“അച്ഛൻ എവിടെയാ എനിക്കിപ്പോ അറിയണം ” ഞാൻ ശഠിച്ചു : അമ്മ കരയാൻ തുടങ്ങി. “എല്ലാവരും എൻറെ അച്ഛൻ കൊലപാതകി ആണെന്ന് പറയുന്നു. അതിന്റെ സത്യം എനിക്കിന്ന് അറിഞ്ഞേ പറ്റൂ, ” ഞാൻ നിർബന്ധം പിടിച്ചു.
“അങ്ങനെ ഞാനും കേട്ടു മോനെ അല്ലാതെ കൂടുതൽ ഒന്നും എനിക്കറിയില്ല. അമ്മ വിതുമ്പി
“അപ്പോ ഇപ്പോൾ അച്ഛൻ എവിടെയാന്നറിയാമോ ?”
“ജയിലിൽ ആയിരിക്കും ” അമ്മ പറഞ്ഞു
അത് കേട്ടപ്പോൾ അവനു വല്ലാതെ തോന്നി . അച്ഛനോടുള്ള വെറുപ്പിന്റെ ആഴം കൂടിക്കൂടിവന്നു.
ഹോ ! ഇങ്ങനെ ഒരു അച്ഛൻറെ മകനായി പിറന്നല്ലോ. എവിടേക്കെങ്കിലും ഓടി പോയാലോ എന്നു വരെ തോന്നിപ്പോയി.പക്ഷേ അമ്മ ആ ചിന്ത അവനെപുറകോട്ടു വലിച്ചു. താൻ ഇല്ലെങ്കിൽ അമ്മയ്ക്ക് ആരും ഇല്ലാതാവില്ലേ. ഓരോരുത്തരും അച്ഛനെ കുറിച്ച് ചോദിക്കുമ്പോഴെല്ലാം അച്ഛനോടുള്ള ഉള്ള വെറുപ്പ്, പടർന്നുപന്തലിച്ചു കൊണ്ടേയിരുന്നു.
ഒടുവിൽ അപമാനഭാരം ഭയന്ന് മറ്റൊരു നാട്ടിലേക്ക് ചേക്കേറിയതാണ് . അങ്ങനെ പഠിച്ചു പഠിച്ച് എംബിബിഎസിന് കിട്ടി. എല്ലാവരും അഭിനന്ദനങ്ങൾ കൊണ്ടു മൂടി . വീണ്ടും പഠനം തുടർന്നുകൊണ്ടിരുന്നു. അപ്പോഴാണ് ഒരു ദിവസം പത്രത്തിൽ ആ വാർത്ത കണ്ടത് . നീണ്ട കാലത്തെ വിചാരണയ്ക്കുശേഷം നന്ദു കൊലക്കേസിലെ പ്രതിയെ തൂക്കിക്കൊല്ലുന്നുഎന്ന് . ദയാഹർജി പ്രസിഡണ്ടും തള്ളി. അതിനാൽ വിധി നടപ്പാക്കാനാണ് തീരുമാനം എന്നറിഞ്ഞു. ഫോട്ടോ കണ്ടപ്പോൾ മനസ്സിലായി അത് അച്ഛൻ തന്നെ. അമ്മ ഇതറിയണ്ട എന്ന് വെച്ചു.
പക്ഷേ പെട്ടെന്നൊരു ദിവസം രണ്ടു പേർ വീട്ടിൽ വന്നു. അമ്മയാണ് വാതിൽ തുറന്നത് . ജയിലിൽ നിന്നാണ്. അവർ എങ്ങനെയോ ഞങ്ങളുടെ വീട് തപ്പിപ്പിടിച്ച് വന്നതാണ്. അമ്മ എന്നെ വിളിച്ചു. അച്ഛന്റെ വധശിക്ഷ നടപ്പിലാക്കുന്ന വിവരങ്ങളെപ്പറ്റിയാണ് അവർ സംസാരിച്ചത്. ചടങ്ങുകൾ കഴിഞ്ഞ് ബോഡി വീട്ടുകാർക്ക് വേണോ എന്നറിയാനാണ് അവർ വന്നത്.
“വേണ്ട ” അമ്മ നിസ്സംശയം പറഞ്ഞു.
താനും അതിനെ അനുകൂലിച്ചു.
അങ്ങനെ അവർ കൊണ്ടുവന്ന പേപ്പറിൽ ഒപ്പിട്ടും കൊടുത്തു. മനസ്സ് അത്ര മാത്രo മടുത്തിരുന്നു. മാത്രമല്ല തന്റെ മനസ്സിലും വല്ലാത്ത വെറുപ്പും മടുപ്പുമായിരുന്നു. അവർ പോയി.
ഒടുവിൽ പത്രത്തിലൂടെ അച്ഛൻറെ വധശിക്ഷ നടപ്പിലാക്കിയത് അറിഞ്ഞു. മനസ്സിൽ ലവലേശം സങ്കടം തോന്നിയില്ല. ഒരാഴ്ച കഴിഞ്ഞപ്പോൾ ജയിലിൽ നിന്നും ഒരു ഉദ്യോഗസ്ഥൻ വന്നു ,ഒരു പെട്ടിയുമായിട്ടാണ് അയാൾ വന്നത്.
“എന്താ ഇത് “ഞാൻ ചോദിച്ചു
അച്ഛൻറെ അവസാനത്തെ ആഗ്രഹമാണ് ആണിത് ഈ പെട്ടി നിങ്ങളെ ഏൽപ്പിക്കണം എന്നുള്ളത് . ഇതും പറഞ്ഞ് ആ ഉദ്യോഗസ്ഥൻ പോയി.
മനസ്സില്ലാമനസ്സോടെ ആ പെട്ടി വാങ്ങി വീടിൻറെ ഒരു മൂലയ്ക്ക് തള്ളി. ഒന്ന് തുറന്നു നോക്കാൻ പോലുംമനസ്സുവന്നില്ല. അങ്ങനെ പല വർഷങ്ങൾ കടന്നുപോയി. പഠനം പൂർത്തിയാക്കി. ഡോക്ടർ ആയി . വിവാഹവും കഴിച്ചു . ഒരു മകനും ‘ജനിച്ചു.
ഒരു ദിവസം കളിച്ചുകൊണ്ടിരിക്കുന്ന മകൻറെ കുസൃതികൾ കണ്ടുകൊണ്ടിരുന്നപ്പോൾ ഇങ്ങനെ വിചാരിച്ചു. തൻറെ മകന് തനിക്കുണ്ടായ ഗതികേട് ഉണ്ടാകാൻ പാടില്ല. അവനെ നന്നായി വളർത്തണം – ഇങ്ങനെ ഒരുഗതികേട് താൻ അവനു വരുത്താൻ പാടില്ല. നല്ലൊരച്ഛൻ ആയിരിക്കണം താൻ .
കുറച്ചു ദിവസങ്ങൾ കഴിഞ്ഞു. ഒരു ദിവസം വീട് അടുക്കിപ്പെറുക്കി ക്കൊണ്ടിരുന്നപ്പോൾ വീണ്ടും ആ പെട്ടി കണ്ടു. വെറുതെ അതൊന്ന് തുറന്നു നോക്കാൻ തോന്നി. അച്ഛൻ അവസാനമായി ഉപയോഗിച്ച കുറേ ഡ്രസ്സും പിന്നെ ജയിലിലെ സമ്പാദ്യവും, ഈ നക്കാപിച്ച ആർക്കുവേണം. ഇത്രയും നാൾ എങ്ങനെയാണ് തങ്ങൾ കഴിഞ്ഞിരുന്നത്എന്നു ഈ മനുഷ്യന് അറിയണ്ടായിരുന്നല്ലോ.എന്ത് അപമാനഭാരം പേറിയാണ് തങ്ങൾ ഇതുവരെ ജീവിതം കഴിച്ചുകൂട്ടിയത്. അയാളുടെ മനസ്സിൽ അച്ഛനോടുള്ള വെറുപ്പ് വീണ്ടും കൂടി . അവസാനംഅടിയിലായി മടക്കിയ ഒരു കടലാസു കഷണം.അതെടുത്തു പുറത്തേക്ക് ഇട്ടപ്പോൾ അതിലെന്തോ എഴുതി ഇരിക്കുന്നതായി തോന്നി. തുറന്ന് വായിച്ചു.
പ്രിയപ്പെട്ട മകന് ,
അമ്മയ്ക്കും നിനക്കും എന്നോട് വെറുപ്പാണ് എന്നറിയാം . അതല്ലേ ഒരിക്കൽപോലും നിങ്ങളെന്നെ കാണാൻ വരാതിരുന്നത് . പക്ഷേ അച്ഛൻറെ ഉള്ളിൽ എന്നും നിങ്ങൾ രണ്ടുപേരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്വന്തം ഭാര്യയെയും മകനെയും പോറ്റാൻ കഴിയാത്ത ഒരു തോൽവിയായിരുന്നു മോനെ അച്ഛൻ. മോൻറെ കുഞ്ഞിലെ ഉള്ള ഓർമ്മകൾ ഇന്നും അച്ഛൻറെ മനസ്സിലുണ്ട്. നിന്നെ എൻറെ നെഞ്ചത്ത് കിടത്തി ഉറക്കുമ്പോൾ ഈ ലോകം കീഴടക്കിയഭാവമായിരുന്നു എനിക്ക് . നിന്നെ പഠിപ്പിച്ചു ഒരു ഡോക്ടർ ആക്കണമെന്നായിരുന്നു അച്ഛൻറെ ആഗ്രഹം. പക്ഷേ നമ്മുടെ ദാരിദ്ര്യവും ദിവസവേതനക്കാരനായ എൻറെ വരുമാനവും ഒന്നിനും തികയില്ല എന്ന് എനിക്കറിയാമായിരുന്നു.
അങ്ങനെയിരിക്കെ ഞാൻ ജോലി ചെയ്തിരുന്ന കമ്പനിയിൽ ഒരു സംഭവമുണ്ടായി. കമ്പനിയുടെ മുതലാളിക്ക് ഒരു വലിയ തെറ്റു പറ്റി. അതു കണ്ടുപിടിച്ച ദൃക്സാക്ഷിയെ വാക്കേറ്റത്തിനിടെ മുതലാളി ക്രൂരമായി കൊന്നുകളഞ്ഞു , ആ കേസ് പുറംലോകം അറിഞ്ഞാൽ മുതലാളിയുടെ മാനവും പോകും ജയിലിലും ആകും കമ്പനി പൊളിഞ്ഞു പോകും. അത് പലരുടെയും നിലനിൽപ്പിനെ ബാധിക്കും ‘ആ കുറ്റം എടുക്കാമോ എന്ന് മുതലാളി രഹസ്യമായി എന്നോട് ചോദിച്ചു. പകരം മാസാമാസം ശമ്പളത്തേക്കാൾ വലിയ ഒരു തുക വീട്ടിൽ എത്തിച്ചു കൊള്ളാം എന്ന് വാഗ്ദാനവും തന്നു . കേറി കിടക്കാൻ ഇടം പോലുമില്ലാതിരുന്ന നമ്മുടെ ദയനീയ സ്ഥിതിയിൽ നിങ്ങളുടെ നന്മയ്ക്കായി ആ കുറ്റം അച്ഛനങ്ങ് ഏറ്റെടുത്തു , നീ എം ബി ബി എസിന് പഠിക്കുകയാണെന്നും ഇപ്പോൾ കിടപ്പാടം ഒക്കെ ആയി എന്നും അച്ഛൻ അറിഞ്ഞു. അതറിഞ്ഞപ്പോൾ വലിയ സന്തോഷമായി.
നിങ്ങൾക്ക് എൻറെ ബോഡി വേണ്ട എന്ന് സാർ വന്ന് പറഞ്ഞപ്പോൾ എൻറെ മകൻ എനിക്ക് അന്ത്യകർമങ്ങൾ ചെയ്യുമല്ലോ എന്ന എന്റെ പ്രതീക്ഷ അസ്തമിച്ചു , പക്ഷേ അച്ഛൻ ഒരിക്കലും നിങ്ങളെ കുറ്റപ്പെടുത്തുകയില്ല , അത്രയ്ക്ക് ചീത്തപ്പേരാണല്ലോ അച്ഛൻ നിങ്ങൾക്ക് ഉണ്ടാക്കിയത്. പക്ഷേ എങ്കിലും ആരെയും ആശ്രയിക്കാതെ നിങ്ങൾക്ക് കഴിയാമല്ലോ. മോന് നല്ല വിദ്യാഭ്യാസം കിട്ടുമല്ലോ, ദാരിദ്ര്യം ഒഴിയുമല്ലോ എന്നൊക്കെ ഓർത്താണ് അച്ഛൻ അങ്ങനെ ചെയ്തത് . മോൻ അതിന് അച്ഛനോട് ക്ഷമിക്കണം. എങ്കിലും ഇപ്പോഴും ഒരു ആഗ്രഹം എന്റെ ഉള്ളിലുണ്ട്. എന്റെ അന്ത്യകർമ്മങ്ങൾ എൻറെ മകൻ തന്നെ ചെയ്യണമെന്ന് , പക്ഷേ അതിനി നടക്കില്ലല്ലോ, എങ്കിലും നിൻറെ കൈകൾ എന്നെ സ്പർശിക്കണം എന്ന് ഞാൻ വല്ലാതെ കൊതിച്ചു പോയി. അല്ലെങ്കിൽ ആ ആഗ്രഹം നിറവേറ്റാതെ എൻറെ ആത്മാവ് അലഞ്ഞു നടക്കും . അതിനാൽ എൻറെ അവസാന ആഗ്രഹം നിറവേറ്റാനായിഎൻറെ ബോഡി അനാഥ ശവമായി നീ പഠിക്കുന്ന മെഡിക്കൽകോളേജിന് നൽകണമെന്ന് ഞാൻ എഴുതി കൊടുത്തു . അങ്ങനെയെങ്കിലും എപ്പോഴെങ്കിലുംനിൻറെ വിരൽ എന്നെ സ്പർശിക്കുമല്ലോ . അതുമതി എനിക്ക് . അങ്ങനെയെങ്കിലും എൻറെ ശരീരം നിങ്ങൾക്ക് പ്രയോജനപ്പെടട്ടെ , മോനെയും അമ്മയെയും കാണണമെന്ന് അച്ഛന് അതിയായ ആഗ്രഹമുണ്ട്. പക്ഷേ ഇനി സമയമില്ല. നാളെ പുലർച്ചെ ഞാൻ എന്നേയ്ക്കുമായി ഈ ലോകത്തോട് വിട പറഞ്ഞിരിക്കും. ആ തൂക്കു കയറിൽ ഞാൻ പിടയുമ്പോഴും അവസാന ശ്വാസം ഞാൻ അകത്തേയ്ക്കടുക്കുമ്പോഴുമെല്ലാം നിങ്ങളുടെ ഓർമ്മകൾ മാത്രമേ എന്നിലുണ്ടാകൂ. ആ ഓർമ്മകൾ പേറി ഞാൻ പൊയ്ക്കൊള്ളാം. ഈ വിവരങ്ങളൊന്നും നീ അമ്മയെ അറിയിക്കരുത് . അത് താങ്ങാൻ അവൾക്ക് കഴിയില്ല. എന്നും നിങ്ങളുടെ നന്മ മാത്രം കാംക്ഷിച്ചുകൊണ്ട്
അച്ഛൻ
ആ കത്ത് അവന്റെ കൈകളിൽ ഇരുന്നു വിറച്ചു. ചുറ്റും ഇരുട്ടു നിറയുന്ന പോലെ ,പുറത്ത്ഇടിമിന്നലിനൊപ്പം തകർത്തു പെയ്യുന്ന മഴ . ഇടനെഞ്ചുപൊട്ടി തകരുന്ന വേദന , താൻ ഇത്രടം വരെ എത്തേണ്ടി വന്നതിന് പകരം നൽകിയത് തൻറെ അച്ഛൻറെ ജീവനും ജീവിതവും ആയിരുന്നല്ലോ. അച്ഛൻറെ ചോരയുടെയും നീരിന്റെയും വിലയാണ് ല്ലോ തൻറെ ജീവിതം . ജീവിതം ഒട്ടും ആസ്വദിക്കാതെ ഒരു തെറ്റും ചെയ്യാതെ തൻറെ അച്ഛൻ ഇപ്പോഴും ഏതോ ഫോർമാലിൻലായനിയിൽ മുങ്ങി കിടക്കുകയായിയിരിക്കുമല്ലോ . ആ ബോഡി യിലായിരിക്കുമോ താനും പഠിച്ച് ഡോക്ടർആയത് . അവസാനമായി ഒരു നോക്ക് കാണാൻ പോലും ഒരു അന്ത്യ കർമം ചെയ്യാൻ പോലും തനിക്കായില്ലല്ലോ. എന്ത് പ്രായശ്ചിത്തമാണ് താനിനി ചെയ്യേണ്ടത്.
അച്ഛാ …………………
പെട്ടിക്കുള്ളിലെ അച്ഛന്റെ ഗന്ധത്തിൽ മുഖമമർത്തി അവൻ കരഞ്ഞു . ആ ഗന്ധം അവനെ ആലിംഗനം ചെയ്തു, അവന്റെ കണ്ണുനീരിൽ ആ കത്തിലെ അക്ഷരങ്ങൾ പടർന്നു മാഞ്ഞു .