ഈ ഓണത്തിന് ആഘോഷങ്ങളെല്ലാം ഓൺലൈനാക്കി കൊറോണയെ തുരത്താം.
വാട്ട്സ് ആപ്പ് സന്ദേശമാണ്. ഒരു അൺനോൺ നമ്പറിൽ നിന്നുമുള്ളതാണ്. ഒട്ടും തന്നെ പരിചയമില്ല. മഹാബലിയെപ്പോലെയുള്ള ഒരാളിന്റെ മുഖചിത്രമാണ് പ്രൊഫൈൽ ഫോട്ടോ ആയി കൊടുത്തിരിക്കുന്നത്. അവൻ സന്ദേശം നോക്കി.
നമുക്ക് ഒരു പുതിയ മൊബൈൽ ഫോൺ കിട്ടിയിട്ടുണ്ട്. എല്ലാവരെയും നമുക്കിപ്പോൾ നേരിട്ട് കാണാനും മിണ്ടാനുമൊക്കെ പറ്റുന്നുണ്ട്. പണ്ട് ആണ്ടിലൊരിക്കൽ തിരുവോണ നാളിലേ പ്രജകളെ കാണാൻ നമുക്ക് പറ്റുമായിരുന്നുള്ളൂ. ഇപ്പോൾ ആ വിഷമം മാറി. എപ്പോൾ വേണമെങ്കിലും പ്രജകളെ കാണാം.
ഇനി നമുക്കെങ്ങനെ മൊബൈൽ ഫോൺ കിട്ടി എന്നല്ലേ നിങ്ങൾക്ക് സംശയം. പറയാം. ഇപ്പോൾ യമദേവന് ഭൂമിയിൽ ഭയങ്കര തിരക്കാണത്രേ. എല്ലായിടവും ഓടി നടന്നു മടുത്തുവെന്നാ പറയുന്നേ. അപ്പോഴാണ് മനുഷ്യർ ഒരു പുതിയ സാധനമുപയോഗിച്ച് വളരെ ഈസിയായി കാര്യങ്ങൾ നടത്തുന്നത് പുള്ളിക്കാരൻ കണ്ടത്. തന്റെ കിങ്കരൻമാരുടെ പ്രവർത്തനങ്ങളെയെല്ലാം ഏകോപിപ്പിക്കാൻ അദ്ദേഹവും സംഘടിപ്പിച്ചു ഒരെണ്ണം. ഇപ്പോൾ എങ്ങും പോകേണ്ട. ഇരുന്നിടത്തു തന്നെ ഇരുന്ന് കാര്യങ്ങളൊക്കെ സുഗമമായി നടത്താൻ പറ്റുന്നുവെന്ന് സന്തോഷത്തോടെ പറഞ്ഞു.
അപ്പോഴാണ് അദ്ദേഹം പണ്ട് മഹാവിഷ്ണുവിന്റെ നിർദ്ദേശപ്രകാരം പാതാളത്തിൽ കൊണ്ടുപോയി താമസിപ്പിച്ചിരിക്കുന്ന നമ്മെ ഓർത്തത്. ഇരിക്കട്ടെ ഒരെണ്ണം തനിക്കും എന്നു പറഞ്ഞ് തന്നിട്ടു പോയതാ ഈ മൊബൈൽ ഫോൺ. എല്ലാ മലയാളികളുടെയും ഫോൺ നമ്പരും പേരും ഇതിൽ സേവ് ചെയ്തിട്ടുണ്ടെന്നും ഇന്റർനെറ്റ് കണക്ഷനും മറ്റും ഇതിലുണ്ടെന്നും പറഞ്ഞിട്ടു പോയി. അതിനാൽ ഇപ്പോൾ പാതാളത്തിലിരുന്നു തന്നെ നമുക്ക് പ്രജകളെയെല്ലാം കാണാമെന്നും പറഞ്ഞു.
അപ്പോഴാണ് യമരാജൻ ഭൂമിയിലെ തിരക്കിനെ പറ്റി നമ്മോട് പറഞ്ഞത്. കൊറോണ എന്ന വൈറസ് ലോകമാകെ വ്യാപിച്ചുവെന്നും മനുഷ്യരെ മുഴുവൻ ആക്രമിക്കുന്നുവെന്നും മരുന്നൊന്നും ഫലപ്രദമാകാതെ മനുഷ്യർ കൂട്ടമായി മരിക്കുന്നുവെന്നുമൊക്കെ. ഇപ്പോൾ ആ തിരക്കു കാരണം നിന്നു തിരിയാൻ യമരാജനോ കിങ്കരൻമാർക്കോ നേരമില്ല പോലും.
ഈ മരിച്ചവരുടെയും പിന്നെ അവർ ചെയ്തു കൂട്ടിയിരിക്കുന്ന പാപങ്ങളുടെയും കണക്കെടുപ്പും പിന്നെ അതിനുള്ള ശിക്ഷവിധിക്കലുമൊക്കെ കൂടി താങ്ങാൻ പറ്റുന്നില്ലത്രേ. പിന്നെ ചൈനയിൽ പോണോ ബ്രിട്ടനിൽ പോണോ അമേരിക്കയിൽ പോണോ ഇറ്റലിയിൽ പോണോ ഇൻഡ്യയിൽ പോണോ എന്നൊക്കെയുള്ള കൺഫ്യൂഷനും. അതിനാലിപ്പോൾ കമ്പ്യൂട്ടർ ഉപയോഗിച്ച് എല്ലാം സോർട്ട് ചെയ്തു വച്ചിരിക്കയാ. എല്ലാവർക്കും ഡ്യൂട്ടി അസൈൻ ചെയ്ത് കൊടുത്തിട്ടുണ്ടെന്നും പറഞ്ഞു. പിന്നെ ചില ആളുകളുടെ ചെയ്തികളുടെ ലിസ്റ്റ് എടുക്കുമ്പോൾ കമ്പ്യൂട്ടർ പോലും ഹാങ് ആയിപ്പോവുന്നു എന്ന് ചിത്രഗുപ്തൻ പല തവണ പരാതിയുമായി എത്തി എന്നും പറഞ്ഞിരുന്നു.
കൊറോണ കൂടി നിൽക്കുന്ന സ്ഥലങ്ങളിലേയ്ക്ക് പോകാൻ കിങ്കരൻ മാർക്ക് പ്രത്യേക പരിശീലന ക്ലാസ്സുകൾ ഇപ്പോൾ അദ്ദേഹം ഓൺലൈനായി നടത്തുന്നുണ്ട് എന്നും പറഞ്ഞു. താങ്ങി തൂങ്ങി പഴയ പോലെ ആയാൽ പറ്റില്ലല്ലോ. ഏറ്റവും മിടുക്കൻ മാരായ കിങ്കരൻമാർ തന്നെ വേണം. ഇപ്പോൾ പുതിയ പുതിയ പിള്ളേരെ കിങ്കരൻമാരായി നിയമിച്ചിട്ടുണ്ടെന്നും പ്രായമുള്ള കിങ്കരൻമാർക്കൊക്കെ വർക്ക് ഫ്രം ഹോം കൊടുത്തിട്ടുണ്ടെന്നും പറഞ്ഞു. ഓരോരുത്തരും അന്നന്നത്തെ സംഭവ വികാസങ്ങൾ സൈറ്റിൽ അപ്പ ഡേറ്റ് ചെയ്യണമെന്നും പറഞ്ഞിട്ടുണ്ടത്രേ.
അദ്ദേഹം പോയിക്കഴിഞ്ഞപ്പോൾ നാം നമുക്ക് കിട്ടിയ മൊബൈൽ പരിശോധിച്ചു. സത്യമാണോന്നറിയണമല്ലോ. അങ്ങനെ ഗൂഗിൾ സെർച്ച് നടത്തി നാം കേരളത്തിലുമെത്തി. കേരളത്തിലെ ഓരോ മുക്കും മൂലയും നമുക്കിപ്പോൾ കാണാം.
പെട്ടെന്നാണ് മൊബൈലിൽ ഒരു മെസ്സേജ് വന്നത്. യമരാജ ന്റേതാണ്. ഇനിയിപ്പോൾ കേരളത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ് മെസ്സേജ് ഉടൻ തന്നെ ആ മെസ്സേജ് ഡിലീറ്റ് ആയി.
സോറി, അറിയാതെ മാറിപ്പോയതാ എന്ന് വീണ്ടും ഒരു ക്ഷമാപണം. അത് ചിത്രഗുപ്ത നയച്ചതാണ് എന്ന് അടുത്തൊരു മെസ്സേജും വന്നു.
നമ്മുടെ പ്രജകളുടെ സന്തോഷവ ക്ഷേമവും അന്വേഷിക്കാൻ വരാൻ പുതിയ ഡ്രസ്സും ആഭരണങ്ങളുമൊക്കെ നാം റെഡിയാക്കി , പിന്നെ ആ ഓലക്കുട അതൊരൽപ്പം ചിതലെടുത്തു. ഇവിടെയൊക്കെ ഭയങ്കര ചിതൽ ശല്യമാന്നേ. അതിനാൽ പുതിയ ഒരോലക്കുട റെഡിയാക്കി വച്ചു. കിരീടമൊക്കെ അണിഞ്ഞു നോക്കി. എല്ലാം പാകം. അങ്ങനെ ഈ തിരുവോണത്തിന് പ്രജകളെ കാണാൻ തയ്യാറായിരിക്കുമ്പോഴാണല്ലോ നമുക്കീ മൊബൈൽ കിട്ടിയത്. ആ മെസ്സേജ് അറിയാതെ തനിക്കു കിട്ടിയത് ദൈവനിശ്ചയം പോലെയല്ലേ. അതുകൊണ്ടാണല്ലോ കേരളമൊന്നു കാണാൻ നമുക്ക് തോന്നിയത്.
ഈ മൊബൈലിലൂടെ കേരളം കണ്ടപ്പോൾ നമുക്ക് സന്തോഷമായി. ഒരു നിമിഷം നമ്മുടെ പ്രതാപകാലമെല്ലാം ഓർമ്മയിൽ മിന്നിമറഞ്ഞു. പക്ഷേ ആ കേരളമെല്ലാം ഇപ്പോൾ മാറിപ്പോയി. പക്ഷേ അപ്പോഴാണ് വാർത്തയിലൂടെ നമുക്ക് മനസ്സിലായത് കേരളത്തിൽ കൊറോണ കൂടുതലാണെന്ന്. പലരും ആശുപത്രികളിലാണെന്നും ഓക്സിജൻ കിട്ടാതെ വെൻറിലേറ്ററിലാണെന്നും നാം മനസ്സിലാക്കിയത്. അത് നമ്മിൽ വല്ലാത്ത വ്യസനം ഉളവാക്കി. അപ്പോഴാണ് യമരാജന്റെ മെസ്സേജിന്റെ ഗൗരവം നമുക്ക് മനസ്സിലായത്. അതിനാൽ തിരുവോണമാണ് ഓണക്കോടി എടുക്കണം, ഓണ സദ്യയൊരുക്കണം അത്ത പൂക്കളമിടണം, ഓണ പ്പരിപാടികൾ സംഘടിപ്പിക്കണം ഓണക്കളികൾ കളിക്കണം എന്നു പറഞ്ഞ് നിങ്ങൾ ഇറങ്ങി നടക്കുകയോ കൂട്ടം കൂടുകയോ ചെയ്യരുത്. പല ഇടങ്ങളിലും ആളുകൾ മാസ്ക്കും സാനിട്ടൈസറുമൊന്നും ഉപയോഗിക്കാതെ സാമൂഹിക അകലം പാലിക്കാതെ നടക്കുന്നത് നാം കാണുന്നു. അതപകടമാണ്.
പലരും ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിക്കുമ്പോൾ അത്യാവശ്യത്തിനല്ലെങ്കിലും പുറത്തിറങ്ങി മറ്റുള്ളവരുമായി അടുത്തിടപഴകുന്നു. ഇതൊക്കെക്കൊണ്ട് ആ വൈറസിനെ തീറ്റിപ്പോറ്റാമെന്നല്ലാതെ മറ്റെന്തു പ്രയോജനമാണ് നിങ്ങൾക്ക് തരുന്നത്.
നമുക്ക് നമ്മുടെ പ്രജകളുടെ ജീവനാണ് വലുത് . നമ്മുടെ പ്രജകൾ അകാലമൃത്യു വരിക്കാതെ ജീവനോടെ ഇരുന്നാലല്ലേ നാം തിരുവോണത്തിന് വരേണ്ടതുള്ളൂ. നമ്മുടെ പേരും പറഞ്ഞ് നിങ്ങൾ ഇറങ്ങി ആഘോഷിക്കാൻ നടന്നാൽ നമുക്ക് നമ്മുടെ പ്രജകളെ നഷ്ടമാകും ഒപ്പം നമ്മുടെ സമാധാനവും, ബിവറേജസിലും ചന്തകളിലും സൂപ്പർ മാർക്കറ്റുകളിലും തുണിക്കടകളിലുമൊക്കെ പ്രജകളുടെ തിക്കും തിരക്കും നാം കാണുന്നു. അതിനാൽ നമ്മുടെ പ്രജകളെല്ലാം തന്നെ വീടുകൾക്കുള്ളിൽ തന്നെ ഇരുന്ന് ഓണം ആഘോഷിച്ചാൽ മതി. പുത്തൻ കോടിയും ഓണ സദ്യയും അത്തപ്പൂക്കളവും ഊഞ്ഞാലുമൊന്നും നമുക്ക് കാണേണ്ട, നാം അങ്ങോട്ട് വരുന്നുമില്ല. നാം ഈ പാതാളത്തിലിരുന്ന് നിങ്ങളെ കണ്ടു കൊള്ളാം. നിങ്ങളുടെ എല്ലാവരുടെയും നമ്പർ ഇതിലുണ്ട്. പണ്ട് നാം വരുമ്പോൾ ആ വാമനൻ കൊണ്ടുപോകുന്ന വഴിയേ മാത്രമേ നമുക്ക് നടക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ഇപ്പോൾ അതു വേണ്ട. ഈ നമ്പറുകൾ മതിയല്ലോ. വെറും പത്തക്കങ്ങളുടെ ഒരു മാജിക്കേ, അങ്ങനെ എല്ലാവരെയും ലൈവിൽ എനിക്ക് കാണാൻ പറ്റും. അതു മതി. കൊറോണിയല്ലാം മാറിയിട്ട് അടുത്ത ഓണത്തിന് നേരിൽ വരാം.
എന്ന് നിങ്ങളുടെ സ്വന്തം തിരുമനസ്സ്
മഹാബലി.
ടാ, ചെറുക്കാ, നീയല്ലേ ഇന്ന് ഓണപ്പരിപാടിക്ക് പ്രാക്ടീസ് ചെയ്യാൻ പോണമെന്ന് പറഞ്ഞത്. എന്നിട്ടിപ്പോൾ ഈ കട്ടിലിൽ കിടന്നാണോ ഡാൻസ്.
പെട്ടെന്ന് അവൻ ഞെട്ടിയുണർന്നു. അമ്മയാണ് രാവിലെ ചായയും പിടിച്ച് വന്നു നിൽക്കുന്നത്. അപ്പോൾ താനിതുവരെ കണ്ട തൊക്കെ സ്വപ്നമായിരുന്നോ.
പെട്ടെന്ന് മൊബൈൽ എടുത്ത് മെസ്സേജ് നോക്കി.
ഇല്ല, മഹാബലി മെസ്സേജൊന്നും അയച്ചിട്ടില്ല.
നീ എന്തുവാ ഈ ഉറക്കപ്പായീന്നേ തിരയുന്നേ? അതിനൊരൽപ്പം റെസ്റ്റ് കൊടുക്കെന്റെ മോനേ. ഫുൾ ടൈം അതിനകത്തു കമിഴ്ന്നു കിടപ്പാ ജോലി.
അത്, അമ്മേ, മഹാബലി………………..
പിന്നെ, മഹാബലി. പിച്ചും പേയും പറയാതെ എഴുന്നേറ്റു പോയി രാവിലെ അവനവന്റെ കാര്യങ്ങൾ നോക്കാൻ നോക്ക്.
ഇതും പറഞ്ഞ് അമ്മ അടുക്കളയിലേയ്ക്ക് പോയി.
ടാ ,നിന്നേ , അപ്പുറത്തെ ആ ഗോപാലന്റെ മോനില്ലേ അവനിവിടെ രാവിലെ തന്നെ തിരക്കി വന്നിരുന്നു. നിങ്ങൾക്കെന്തോ ട്രിപ്പോ പരിപാടിയോ ഒക്കെ ഉണ്ടെന്നു പറഞ്ഞു. നീ ഉറങ്ങുവാന്ന് പറഞ്ഞപ്പോൾ അവനങ്ങ് പോയി. ഞങ്ങൾ പറഞ്ഞാലൊന്നും ഈ കൊറോണാക്കാലത്ത് നിനക്ക് ചെവിയിൽ കയറില്ലല്ലോ.
ഇതും പറഞ്ഞ് പരിഭവത്തോടെ അച്ഛനും പോയി.
നോക്കിയപ്പോൾ പോർച്ചിലിരുന്ന് ബൈക്ക് വിളിക്കുന്നു വാ കറങ്ങാൻ പോകാമെന്ന് .
അവൻ മനസ്സിൽ ദൃഢനിശ്ചയമെടുത്തു. മൊബൈൽ കൈയിലെടുത്തു. കൂട്ടുകാരനെ വിളിച്ചു
എടാ, ഞാൻ വരുന്നില്ല കേട്ടോ . ഈ കൊറോണാക്കാലമൊക്കെ കഴിയട്ടെ. നമ്മളോരോരുത്തരും വിചാരിച്ചാൽ ഈ കൊറോണയെ നമുക്ക് തുരത്താൻ പറ്റും. മാത്രമല്ല നമ്മളെ മാത്രം സ്നേഹിച്ച് നമുക്ക് വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞു വച്ചിരിക്കുന്ന നമ്മുടെ വീട്ടുകാർ. എല്ലാ തിരുവോണത്തിനും എന്നെ കൂടാതെ വിഷമിച്ചാണ് എന്റെ വീട്ടുകാർ തിരുവോണമാഘോഷിച്ചിരുന്നത്. ഇത്തവണയെങ്കിലും അവരോടൊപ്പം ഈ വീട്ടിനുള്ളിൽ ഓണമാഘോഷിക്കാനാ എന്റെ പ്ലാൻ. മറ്റൊന്നിനും ഞാനില്ല.
അവൻ ഫോൺ വച്ചു. അച്ഛനും അമ്മയും അനിയത്തിയും വന്ന് അവനെ വാരിപ്പുണർന്നു.