നഴ്സുമാർ – ഭൂമിയിലെ മാലാഖമാർ . ഈ മഹാമാരിയുടെ കാലത്ത് അവർ ചെയ്യുന്ന സേവനം വിലമതിക്കാനാവാത്തതാണ്.
നിങ്ങൾക്കായെന്നും ഹൃദയം കൊണ്ട്
ഞങ്ങൾ നേഴ്സ്സുമാർ നൽകുന്നു ജീവാമൃതം
വേദനയിൽ പുളയും നിങ്ങൾ തന്നരികിൽ
ആശ്വാസവുമായി നിൽപ്പൂ ഞങ്ങൾ
പി പി ഇ കിറ്റിന്റെ ഉള്ളിൽ ഞങ്ങൾ
ദാഹജലം പോലും കിട്ടാതെ വരളുന്നു.
ദൂരെ ഞങ്ങൾക്കായ് പ്രാർത്ഥന ഏകുന്ന
സ്വന്തം കുടുംബത്തെ ഓർക്കുന്നതേയില്ല.
നിങ്ങളെ രക്ഷിച്ചു യാത്രയാക്കീടുമ്പോൾ
ഉള്ളിലായ് നിർവൃതിക്കൊള്ളുന്നു ഞങ്ങൾ
പറയുവാനാവാത്തൊരാ അ നുഭൂതിയിൽ
പല നൊമ്പരങ്ങളും ഞങ്ങൾ മറക്കുന്നു.
ശ്വാസത്തിനായ് നിങ്ങൾ പിടയുമ്പോഴും
പ്രാണവായുവും ആശ്വാസവും നൽകി നിൽക്കുന്നു.
ഒടുവിൽ മരണം നിങ്ങളെ പുൽകുമ്പോൾ
കരയുവാൻ പോലുമാവാതെ നിൽക്കുന്നിതാ
നിസ്സംഗമായ് നിങ്ങളെ മാറ്റുമ്പോഴും ഞങ്ങൾ
ഉള്ളിൽ കരയുന്നു ആരോരുമറിയാതെ
അടുത്ത തായ് കിട്ടുന്ന രോഗികളെ വീണ്ടും
പരിചരിക്കുന്നു ദിനരാത്രങ്ങളറിയാതെ.
വിശ്രമം അന്യമായ് തീർന്നിതാ ഞങ്ങൾക്ക്
മാസ്ക്കിനുള്ളിൽ ശ്വാസം പോലും പിടയുന്നു.
പി പി ഇ കിറ്റിന്റെ ഉള്ളിൽ ശരീരമോ
നീറുന്നുവെങ്കിലും സഹിക്കുന്നു നിങ്ങൾക്കായ്.
കണ്ണുകളിൽ ഉറക്കം വന്നു മൂടുന്നുവെങ്കിലും
ഉറങ്ങുവാനാവാതെ ഞങ്ങളിരിക്കുന്നു
നിങ്ങൾക്കു കാവലായ് നിങ്ങൾ ക്കാശ്വാസമായ്
ഉണ്ടാകുമെന്നുമീ നഴ്സുമാർ ഞങ്ങൾ
നിങ്ങൾക്കു ജീവിതം തിരികെ നൽകാനായ്
പോരാടി യോർ പലരും ഇന്നില്ല ഞങ്ങളിൽ
ഈ മഹാമാരി തൻ ആഴക്കയങ്ങളിൽ
ആണ്ടു പോയ് പലരും എന്നേയ്ക്കുമായ് .
അത്യാവശ്യമില്ലെങ്കിൽ നിങ്ങൾ
വീടുകളിൽ തന്നെ കഴിഞ്ഞിടേണം
വീടെന്ന സ്വർഗ്ഗമുപേക്ഷിച്ചു നിങ്ങളീ
നരകമാം വഴിയിൽ ഇറങ്ങരുതേ
മാസ്ക്ക് ധരിച്ചും അകലം പാലിച്ചും
ഞങ്ങൾക്കു നിങ്ങൾ തുണയാകണം
സാനിട്ടൈസറോ മറക്കരുതാരും
കൃത്യമാം ഇടവേളയിൽ കൈ കഴുകീടണം
പൊരുതുന്നു ഞങ്ങളിന്നിവിടെ നിങ്ങൾക്കായി
കരുതലോടെ അതിജാഗ്രതയോടെ
തുരത്തിടാം ഈ മഹാമാരിയെ ഒന്നിച്ച്
വെളിച്ചമായ് നിന്നിടാം ഞങ്ങളന്ത്യം വരെ .