സ്വന്തം വീട്ടിലെ സുഖ സൗകര്യങ്ങളിൽ പോരായ്മ കാണുന്ന വർ മനസ്സിലാക്കുക ആ സുഖങ്ങളുടെ വില വളരെ വലുതാണ്. അതു മനസ്സിലാക്കാൻ നമ്മൾ വൈകരുത്.
ആ ചെറിയ വീടിൻറെ ചുമരിൽ ഒരു കൊളുത്തിൽ ഇങ്ങനെ തൂങ്ങിക്കിടക്കുക. എപ്പോഴെങ്കിലും ആരെങ്കിലും ഒന്ന് പുറത്തു കൊണ്ടു പോയാലായി. ആ വീട്ടുകാരോടൊപ്പം മാത്രമേ പുറത്തു പോകാൻ പാടുള്ളൂ. ആ വീട്ടിലെ വഴക്കുകളും പിണക്കങ്ങളും പിന്നെ എന്നും ആ വീട്ടിൽ ഉള്ളവരോട് മാത്രം ഇടപഴകിയും മടുത്തു. ഇതിനകത്തെ ജീവിതം മഹാ ബോറാണ്. എത്ര സുന്ദരമായ ലോകമാണ് പുറത്തുള്ളത്. അവിടെയൊക്കെ ഒന്ന് ഇറങ്ങി പോകാൻ മനസ്സു കിടന്നു തുള്ളി.
അപ്പോഴാണ് ആ കുട്ടി വന്ന് തന്നെ കൂടെക്കൂട്ടിയത്. പട്ടത്തിനു സന്തോഷമായി. ഈ വീടിനകത്തെ ബന്ധനത്തിൽ നിന്ന് ഒരു മോചനം ആകുമല്ലോ. അങ്ങനെ ആ കുട്ടിയുടെ കയ്യിലെ നൂലിൻറെ അറ്റത്തുനിന്നും പതിയെ പതിയെ അയയാൻ തുടങ്ങിയപ്പോൾ വലിയ സന്തോഷമായി. ഉയരങ്ങളിൽ പറക്കുമ്പോൾ താഴെ സുന്ദരമായ ഭൂമി. പക്ഷികൾ പോലും കുറച്ചു താഴെ കൂടെയാ പറക്കുന്നത്. വലിയ അഭിമാനവും സന്തോഷവും ആയി. തന്നെ പറക്കാൻ സഹായിച്ച കാറ്റിനോട് പട്ടത്തിന് എന്തെന്നില്ലാത്ത ഒരു ഒരു ഇഷ്ടം ഉടലെടുത്തു.
വലിയ വലിയ കെട്ടിടങ്ങൾ വരെ താഴെയായി. അങ്ങനെ പറന്നു രസിക്കുമ്പോൾ ആണ് ഒരു വലിവ്. കുട്ടിയുടെ മാതാപിതാക്കളിൽ ആരോ അവനെ വഴക്കു പറഞ്ഞു. ഇത്രയും ഉയരത്തിൽ പോയാൽ ശരിയാവില്ല മോനേ നല്ല മഴ വരുന്നുണ്ട്. അതിനാൽ അവൻ മെല്ലെ മെല്ലെ നൂൽ ചുരുട്ടുകയായിരുന്നു. അങ്ങനെ പതിയെ പതിയെ താഴേക്ക് .ഒടുവിൽ അവൻറെ കയ്യിലെത്തി. വീടിനകത്തേക്ക്. ആ വീട്ടിലെ കൊളുത്തിൽ വീണ്ടും അങ്ങനെ തൂങ്ങി കിടക്കുമ്പോൾ കാറ്റിനോടൊപ്പം പറന്ന നിമിഷങ്ങൾ മനസ്സിൽ അലയടിച്ചു. ഈ വീട്ടിലെ ജീവിതം മടുത്തു. എത്ര മനോഹരമായ ലോകമാണ് പുറത്തുള്ളത്. എത്ര എത്ര സുന്ദരമായ സ്ഥലങ്ങൾ. മനോഹരമായ ആകാശം. പഞ്ഞിക്കെട്ടുകൾ പോലുള്ള മേഘങ്ങൾ. താഴെ പുഴുക്കളെപ്പോലെ നടക്കുന്ന മനുഷ്യരും മറ്റു ജീവികളും. എല്ലാവർക്കും മീതെ എത്ര സന്തോഷം ആയിട്ടായിരുന്നു താൻ പറന്നത്. പക്ഷേ ഈ നൂൽ ആണ് ഇതിനൊക്കെ കാരണം. ഈ നൂൽ അതിൻറെ പരിധിയിൽനിന്ന് അതിൻറെ നിയന്ത്രണത്തിൽ നിന്ന് പുറത്തുചാടാൻ തന്നെ അനുവദിക്കുന്നില്ല. തൻറെ എല്ലാ സ്വാതന്ത്ര്യവും ഈ നൂൽ ആണ് ഇല്ലാതാക്കുന്നത്. എങ്ങനെയും ഈ നൂലിൻറെ നിയന്ത്രണത്തിൽ നിന്ന് രക്ഷപ്പെടണം . എങ്കിലേ മറ്റുള്ളവരുടെ ഇടയിൽ നിന്നും തനിക്ക് മോചനം കിട്ടുകയുള്ളൂ. അങ്ങനെ പക്ഷികളെപ്പോലെ സ്വതന്ത്രമായി പറക്കണം. എന്നിട്ട് കാറ്റിനോടൊപ്പം ഈ ഭൂമിയാകെ പറന്നുനടന്നു ആസ്വദിക്കണം. എന്നാണ് അങ്ങനെ ഒരു ദിവസം കിട്ടുക? മനസ്സിൽ ആ ദിവസങ്ങളെ പറ്റി സ്വപ്നം കാണുകയും ഈ ബന്ധനത്തിൽ നിന്ന് രക്ഷപ്പെടാൻ ഉള്ള പദ്ധതികളും മനസ്സിൽ സ്വരുക്കൂട്ടി പട്ടം ദിനരാത്രങ്ങൾ തള്ളി നീക്കി. പല ദിവസങ്ങളിലും ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല.
ആ വീടിനകത്ത് പട്ടത്തിന് വല്ലാത്ത വീർപ്പുമുട്ടൽ ആയിരുന്നു. പുറംലോകത്തെ ആകർഷണീയത ആ പട്ടത്തിനെ വല്ലാതെ കീഴ്പ്പെടുത്തി കളഞ്ഞിരുന്നു. പുറത്തിറങ്ങണം എന്ന വെമ്പൽ പട്ടത്തിൻറെ ഉള്ളിൽകലശലായി .
പല ദിവസവും കാറ്റ് അതുവഴി വീശി കടന്നു പോകുന്നത് ജനാലവഴി പട്ടം കണ്ടിരുന്നു. പക്ഷേ ഈ നൂൽ……. നൂലിനോട് പട്ടത്തിന് വല്ലാത്ത പകയായി. രക്ഷപ്പെടാനുള്ള ഉള്ള ഒരു അവസരം കാത്തു പട്ടംഇരുന്നു. നൂലിനാണെങ്കിൽ ഇപ്പോൾ ഇത്തിരി ബലക്ഷയം വന്നിട്ടുള്ളത് പട്ടത്തിനു മനസ്സിലായി എന്നാൽ തനിക്ക് ആണെങ്കിൽ പഴയതിനേക്കാൾ ശക്തി കിട്ടിയപോലെ . അങ്ങനെ ഒരു ദിവസം ഒരു അവസരം കിട്ടി . ആ കുട്ടി പട്ടം പറത്താൻ എടുത്തു. നല്ല കാറ്റാണ് മോനെ സൂക്ഷിച്ചു കൊള്ളണേ ഇല്ലെങ്കിൽ കൈവിട്ടു പോകും എന്ന് വീട്ടുകാരുടെ താക്കീത്.
മെല്ലെമെല്ലെ നൂൽ അയയുമ്പോൾ പട്ടത്തിന് മനസ്സിലായി. പലസ്ഥലങ്ങളിലും നൂലിന് ബലക്ഷയം സംഭവിച്ചിരിക്കുന്നു . കുറച്ചുസമയം നല്ല ഉയരത്തിൽ പറന്നു പെട്ടെന്ന് ആ കാറ്റിൻറെ കൂട്ടു കിട്ടി. പട്ടം ആഞ്ഞു പറന്നു നൂൽ പൊട്ടി ആകാശത്തിന്റെ നീലിമയിലേക്ക് ആ പട്ടം കാറ്റിൻറെ കൈപിടിച്ചു പറന്നുയർന്നു . സ്വതന്ത്രമായ പറക്കൽ . വളരെ സന്തോഷമായി . അതുവരെ എത്താത്ത ഉയരങ്ങളിലേക്ക് ആ കാറ്റിനോടൊപ്പം സഞ്ചരിച്ചു. സന്തോഷകരമായ നിമിഷങ്ങൾ. അതുവരെയില്ലാത്ത സുഖകരമായ നിമിഷങ്ങൾ ,സ്വർഗ്ഗം കിട്ടിയപോലെ .
ഹോ നിന്നോടൊപ്പം വരാൻ എത്ര നാളുകളായി ഞാൻ കൊതിച്ചു കൊണ്ടിരിക്കുന്നു എന്നറിയാമോ ആ നൂലാണ് എന്നെ ബന്ധനസ്ഥയാക്കി വച്ചിരുന്നത് . ഇപ്പോൾ ആ നൂലിന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ടപ്പോൾ എന്തൊരു സമാധാനം. ഇനി നമുക്ക് ഈ ലോകം മുഴുവൻ പറന്നു നടക്കാം. കാറ്റിൻറെ കൈകളിൽ താലോലമാടി ആ പട്ടം പറന്നു . വെളുത്ത മേഘങ്ങൾ നിറഞ്ഞ നീലാകാശം ഒരു സ്വർഗ്ഗം പോലെ തോന്നിച്ചു . ഇനി ആ വീടിൻറെ ബന്ധനത്തിലേക്ക് പോകേണ്ടതില്ലല്ലോ എന്നോർത്തപ്പോൾ തന്നെ ആശ്വാസം തോന്നി . പട്ടത്തി ൻറെ ഉള്ളിൽ സന്തോഷം തിരതല്ലി.
: പെട്ടെന്നാണ് കാറും കോളും കൊണ്ട് ആകാശം ഇരുണ്ടത് . അതുവരെ തൻറെ കൂടെ ഉണ്ടായിരുന്ന ഇളം കാറ്റിനെ കാണ്മാനില്ല. പെട്ടെന്ന് കൊടുങ്കാറ്റ് വീശി. പട്ടം ദിശ തെറ്റി എങ്ങോട്ടോ പറന്നു . എവിടെയെന്നറിയില്ല. കനത്ത മഴയും. ഒടുവിൽ മഴയിൽ നനഞ്ഞു കുതിർന്നു താഴേക്ക് . ഏതോ വൃക്ഷ കൊമ്പിൽ തട്ടിയപ്പോൾ അവിടെ അഭയം തേടി ഒന്നു പിടിച്ചിരിക്കാൻ നോക്കി . പക്ഷേ ആ വൃക്ഷത്തിലെ മുള്ളുകൾ പട്ടത്തെ കുത്തിനോവിച്ചു. അടുത്ത കാറ്റിൽ അവിടെനിന്നും പറന്നു . അങ്ങനെ എവിടെയെത്തി എന്നറിയില്ല. പട്ടം വല്ലാതെ ഭയന്നു.
ഒടുവിൽ നനഞ്ഞുകുതിർന്ന് ചെന്ന് വീണത് ഒരു ചതുപ്പിൽ . അവിടെ കിടക്കുമ്പോൾ പട്ടം ഓർത്തു ചെറുതാണെങ്കിലും ആ വീട്ടിലെ സുരക്ഷിതത്വം എത്ര വലുതായിരുന്നു . ഒരു പോറൽ പോലും ഏൽക്കാതെ ആണല്ലോ അവർ തന്നെ പരിചരിച്ചിരുന്നത് . എത്ര കരുതലോടെയാണ് അവർ തന്നെ പറത്തി യിരുന്നത് . കാറ്റിന്റെയോ മഴയുടെ യോ ചെറിയൊരു ലാഞ്ചന കണ്ടാൽ തന്നെ താൻ അപകടത്തിൽ പെടാതിരിക്കാൻ ഉടൻതന്നെ പറന്നുനടക്കുന്ന തന്നെ പിടിച്ചു അകത്തേയ്ക്ക് കൊണ്ടുപോകും . ആ കരുതലിനെയാണല്ലോ താൻ ബന്ധനമായും അടിമത്തമായും ഒക്കെ കരുതിയത് . ആ കരുതലിനെ മനസ്സിലാക്കാൻ തനിക്ക് കഴിഞ്ഞില്ലല്ലോ . അവർ അത്രമേൽ തന്നെ വേണം , തനിക്ക് ഒരു കുഴപ്പവും പറ്റരുത് എന്നു കരുതിയത് കൊണ്ടല്ലേ തന്നോട് അങ്ങനെ പെരുമാറിയിരുന്നത് . കാറ്റിനോടൊപ്പം ഗഗന വീഥിയിലേക്ക് പറന്നകലുമ്പോൾ ആ നൂൽ ആവുന്നത് പൊട്ടാതിരിക്കാൻ ശ്രമിച്ചത് ഇപ്പോൾ താൻ ഓർക്കുന്നു . പക്ഷേ കാറ്റിൻറെ തലോടലിൽ അതൊക്കെ മറന്നു താൻ ആ നൂലിന്റെ ശ്രമത്തിനെ പരാജയപ്പെടുത്തി.
ആ നൂലിന്റെ ബന്ധനവും ആ വീടിൻറെ അകവും സ്വർഗ്ഗമായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത് . വെറുതെ വഴിയിലൂടെ പോയ കാറ്റിനെ സ്നേഹിച്ച് ഓടി പോന്നത് താനായിരുന്നു. ഇപ്പോൾ ആ നൂലും ആ കുട്ടിയും ആ വീട്ടുകാരും ഒക്കെ ദുഃഖി ച്ചിരിക്കുകയായിരിക്കും.അവർ തന്നെ അത്രമേൽ സ്നേഹിച്ചിരുന്നു എന്ന സത്യം ഇപ്പോഴാണ് തനിക്ക് മനസ്സിലായത് . ഒരു കൊടുങ്കാറ്റിലും പെടാതെ ഒരു മഴ പോലും നനയിക്കാതിരിക്കാൻ അവർ എത്രമാത്രം ശ്രദ്ധിച്ചിരുന്നു. ഇപ്പോൾ ഈ ചതുപ്പിൽ നിന്നും എത്ര ആഞ്ഞിട്ടും പുറത്തുകടക്കാൻ പറ്റുന്നില്ലല്ലോ . ആരെയാണ് ഒന്ന് സഹായത്തിന് വിളിക്കുക . പട്ടം ഉറക്കെ നിലവിളിച്ചു . കാറ്റിൻറെ പൊടിപോലുമില്ല . നൂൽ ഉണ്ടായിരുന്നെങ്കിൽ ആരെയെങ്കിലും കൊണ്ട് തന്നെ രക്ഷിച്ചേനെ .
ഒടുവിൽ ആ ചതുപ്പിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ താൻ ക്ഷണിച്ചുവരുത്തിയ ദുർവിധിയോർത്ത് ആ പട്ടം ഉറക്കെ ഉറക്കെ കരഞ്ഞു. എല്ലാം മനസ്സിലാക്കാൻ താൻ എത്ര വൈകി പോയി പോയി എന്ന യാഥാർത്ഥ്യം ഇപ്പോൾ പട്ടം തിരിച്ചറിയുന്നു . ഒടുവിൽ മൊത്തമായും ചതുപ്പിൽ ആണ്ടുപോയ ആ പട്ടത്തിൻറെ വാർത്ത കേട്ട് നെഞ്ച് നീറി ആ വീട്ടുകാരും.